മട്ടന്നൂർ: നിരവധി വാഹനങ്ങളും യാത്രക്കാരും എത്തുന്ന ചാലോട് ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലും ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.
നാലുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ചാലോട് കവലയിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാത്തത് നിരന്തരം അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് വാഹനങ്ങളുടെ തിരക്ക് ഒഴിയുന്നതിന് മുമ്പ് നിരവധി വാഹനാപകടങ്ങളാണ് ചാലോട് ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നത്.
ചാലോട്, വായാന്തോട് തുടങ്ങിയ തിരക്കേറിയ കവലകളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് കാണിച്ച് പോലീസ് തന്നെ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
വിമാനത്താവളത്തിലേക്ക് ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് മുഴുവൻ സമയവും ചാലോട് വഴി കടന്നു പോകുന്നത്. ഒപ്പം അഞ്ചരക്കണ്ടി, ഇരിക്കൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂടിയാകുമ്പോൾ ജംഗ്ഷനിൽ തിരക്ക് വർധിക്കുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആവശ്യത്തിന് സൗകര്യം ചാലോട് ടൗണിലില്ല. റോഡിന്റെ ഇരുഭാഗത്തുമുള്ള പാർക്കിംഗ് ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ബസ് സ്റ്റാൻഡിന്റെ സ്ഥലപരിമിതിയും പ്രധാന പ്രശ്നമായി മാറി.
നൂറിലധികം ബസുകൾ പ്രവേശിക്കുന്നതോടൊപ്പം ഓട്ടോ സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് എന്നിവയെല്ലാം ബസ് സ്റ്റാൻഡിൽ തന്നെയാണുള്ളത്. സ്വകാര്യ വാഹനങ്ങൾക്കായി ടൗണിൽ പേ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
വിമാനത്താവളത്തിലേക്ക് വഴി കാട്ടിയുള്ള ദിശാസൂചക ബോർഡും ചാലോട് ടൗണിൽ സ്ഥാപിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
ട്രാഫിക് സിഗ്നലും ദിശാസൂചക ബോർഡുകളും സ്ഥാപിച്ച് വാഹനാപകടങ്ങൾ ഒഴിവാക്കണമെന്ന് കാണിച്ച് വ്യാപാരിസംഘടനകൾ ഉൾപ്പടെയുള്ളവർ അധികൃതർക്ക് പലതവണ നിവേദനം നൽകിയിരുന്നു. ഉടൻ നടപടിയുണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
നഗരത്തിലെ ഓവുചാൽ സൗകര്യം വിപുലീകരിക്കണമെന്നും മാലിന്യസംസ്ക്കരണം കാര്യക്ഷമമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.