പീറ്റർ ഏഴിമല
പയ്യന്നൂര്‍: പുഴയും കായലും കടലും കൈവെള്ളയിലൊതുക്കി ലോക റെക്കോര്‍ഡിനുടമയായ ചാള്സണ് ഏഴിമല ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
നൂറുമിനിട്ടിനുള്ളില് 124 പേരെ ശാസ്ത്രീയമായി നീന്തല്‍ പഠിപ്പിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിനൊപ്പം, സംസ്ഥാന ലൈഫ്ഗാര്‍ഡായി ജോലിചെയ്യുന്നതിനിടയില്‍ അന്‍പതിലേറെപ്പേരെ മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചാള്സണ്.
ജീവിതസമരത്തിലെ വേഷങ്ങള്‍
അന്പത്തൊന്നുകാരനായ ചാള്സണ് ഇതിനകം പിന്നിട്ട വഴികളും പകര്‍ന്നാടിയ വേഷങ്ങളും ആരേയും അത്ഭുതപ്പെടുത്തും. കുന്നരു, കൊല്ലം പടപ്പക്കര, രാമന്തളി എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നു പഠിക്കാനും വൈദികനാകാനുമായിരുന്നു ആഗ്രഹം.
എന്നാല്‍ കൊല്ലത്തുനിന്നും ഏഴിമലയിലേക്ക് ചേക്കേറിയ കുടുംബത്തിന്റെ അവസ്ഥ ഈ ആഗ്രഹങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
ഇതേതുടര്‍ന്ന് കുടുംബം പോറ്റാനായി പിതാവ് പീറ്ററിന്റെ കൂടെ മത്സ്യബന്ധനം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് സഹോദരങ്ങളുടെ പഠനത്തിന് വരുമാനമെത്താതെ വന്നപ്പോള്‍ കഠിനാദ്ധ്വാനം ആവശ്യമായ പുഴമണല്‍ മുങ്ങിവാരലിലേക്ക് തിരിഞ്ഞു.
പുതിയ പുഴക്കര, വളപട്ടണം, നാറാത്ത് എന്നിവിടങ്ങളിലായി മൂത്ത സഹോദരന് ബാബുവുമൊത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള വര്‍ഷങ്ങള്‍ നീണ്ട ജീവിതസമരം.
ഇതിനിടയിലും കെസിവൈഎമ്മിന്റെ സജീവ പ്രവര്‍ത്തകനായി സാമൂഹിക രംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തനം. കബഡിയിലും കമ്പവലയിലും മിന്നുന്ന പ്രകടനം.
പിന്നീട് ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകനായും കലാ-സാംസ്കാരിക രംഗങ്ങളിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍. നിരവധി തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വിവിധ കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം.
മണല്‍വാരലിന് നിരോധനം വന്നതോടെ വീടിന്റെ ഒരുഭാഗത്ത് ഹോട്ടല്‍ തുടങ്ങി. ഇടപാടുകാരുടെ കണക്കുകള്‍ പറ്റുബുക്കില്‍ നിറഞ്ഞപ്പോള്‍ ഹോട്ടല്‍ ഭാര്യയെ എല്പ്പിച്ച് ഓട്ടോ ഡ്രൈവറായി.
ഇതിനിടയിലാണ് 2007 മുതല്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ ലൈഫ്ഗാര്‍ഡായി മാറിയത്. വര്‍ഷങ്ങളായി ലൈഫ് ഗാര്‍ഡുകളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ചാള്സണ്.
ഇതിനിടയില്‍ 2012-13ലും തൊട്ടടുത്ത വര്‍ഷവും മികച്ച ലൈഫ് ഗാര്‍ഡിനുള്ള സംസ്ഥാന അവാര്‍ഡും ചാള്‍സനെ തേടിയെത്തി.
ലൈഫ് ഗാര്‍ഡായി സേവനം തുടര്‍ന്നുവരുന്ന 16 വര്‍ഷത്തിനിടയിലാണ് ജീവിതത്തില്‍ ഏറ്റവും കൂടിയ സംതൃപ്തി ലഭിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനായത്.
അവിസ്മരണീയമായ രക്ഷാപ്രവര്‍ത്തനങ്ങള്‍
2008 ജനുവരി എട്ടിന് പയ്യാമ്പലം കടലിലകപ്പെട്ട ബാംഗളൂരുവിലെ സുഭാഷ് മിശ്രയേയും ഫെബ്രുവരി ഒന്‍പതിന് ഒഴുക്കില്‍പെട്ട കണ്ണൂര്‍ സിററിയിലെ നവാസിനെയും രക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം.
2014 ഓഗസ്റ്റ് 16നാണ് പയ്യാമ്പലം പാലത്തിന് സമീപം ഒഴുക്കില്‍പെട്ട ബാംഗ്ളൂരിവില്നിന്നും വിനോദയാത്രക്കെത്തിയ മധുമിത, നകുല്‍, നാന്‍സി, ദിജിന എന്നിവരെ രക്ഷപ്പെടുത്തിയത്.
കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ കാര്‍ത്തിക്, പൃത്യുഗ്നന്, ബാലാജി, ദേവ എന്നിവരെ പയ്യാമ്പലം ബീച്ചിലെ കടല്ത്തിരകളില്നിന്നും രക്ഷപ്പെടുത്തിയത് 2017 ജൂലൈ 21നാണ്.
അസം സ്വദേശികളും ധര്‍മശാല പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരുമായ മുഹമ്മദ് സദ്ദാം ഹുസൈന്, ഫാറൂഖ് ഹുസൈന്, മുഹമ്മദ് മൈലൂള്, കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ കൊറ്റാളിയിലെ പതിനെട്ടുകാരി, തിരയില്‍പെട്ട കണ്ണാടിപറമ്പിലെ ഖാലിദ്, അഴീക്കോട് മീന്കുന്നുചാല് ബീച്ചില്‍ അപകടത്തില്‍പെട്ട ബംഗളൂരു ഇന്ദിരാനഗറിലെ അനിത, നിധി, ദീക്ഷ, ബാംഗ്ളൂരുവിലെ വിജയ്, ആഗ്രയിലെ ജയ്സിംഗ്, വീരാജ്പേട്ടയിലെ ബൊപ്പണ്ണ, ബംഗാളിലെ റസാഖ്, മുകേഷ്, ശങ്കര്‍ തുടങ്ങി അന്പതിലേറെപേരെയാണ് ചാള്സണ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
നീന്തല്‍ പരിശീലനവും സേവന കാഴ്ചപ്പാടും
ജല അപകടങ്ങള്‍ അപഹരിക്കുന്ന ജീവനുകളുടെ കണക്കുകള്‍ കണ്ട് ഞെട്ടിയപ്പോഴാണ് 2013 മുതല്‍ ഓരോരുത്തരുടേയും സ്വരക്ഷയും പരരക്ഷയും ലക്ഷ്യംവെച്ചുള്ള നീന്തല്‍ പരിശീലനം നല്‍കാനുള്ള തീരുമാനത്തിലെത്തിയത്.
ഇതിനായി ആരുടേയും ശരീരത്തില്‍ സ്പര്ശിക്കാതേയും ഉപകരണങ്ങളുടെ സഹായമില്ലാതേയുമുള്ള തികച്ചും മനശാസ്ത്രപരമായ പഠനരീതിയും ചാള്സണ് രൂപപ്പെടുത്തി.വിവിധ സ്ഥലങ്ങളിലായി ഒരേസമയം പരിശീലനങ്ങള്‍ നടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ചാള്സണ് സ്വിമ്മിംഗ് അക്കാദമിയെന്ന പേരില്‍ സഹകാരികളുടെ ഒരു കൂട്ടായ്മയുമുണ്ടാക്കി.
ഈ പഠനരീതിയിലൂടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ആയിരങ്ങളേയാണ് ഇദ്ദേഹം ഇതിനകം നീന്തല്‍ പഠിപ്പിച്ചത്. സ്വിമ്മിംഗ് പൂളില്‍ തുടങ്ങി പുഴകളിലും കായലിലും കടലിലുമായി കിലോമീറ്ററുകളോളം ആയാസരഹിതമായി നീന്തുവാനുള്ള പരിശീലനമാണ് പഠിതാക്കള്‍ക്ക് നല്കി വരുന്നത്.
ഇതിനിടയിലാണ് പയ്യന്നൂര്‍ കൊറ്റി കടവില്‍നിന്നും തുടങ്ങി ചൂട്ടാട് കടലില്‍ സമാപിച്ച പുഴയിലും കായലിലും കടലിലുമായി 16 കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡ് നേടിയത്.
കൂടാതെ കവ്വായി പുഴയുടെ ഭാഗമായുള്ള രാമന്തളി ഏറന്‍ പുഴയില്‍ നൂറുമിനിട്ടിനുള്ളില് 124 പേരെ നീന്തല്‍ പഠിപ്പിച്ച് നേടിയ റെക്കോര്‍ഡും ചാള്സണ് സ്വന്തമാക്കിയത്.
നിപ്പ, ലഹരി വിരുദ്ധം, ഭരണഘടനാ സംരക്ഷണം തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളുര്ത്തി നിരവധി ബോധവല്‍ക്കരണ നീന്തല്‍ പരിപാടികളും ഇതിനകം സംഘടിപ്പിച്ചു.
ഫയര്‍ഫോഴ്സിനും ആത്മവിശ്വാസം പകര്‍ന്നു
ഇതിനിടയിലാണ് കഴിഞ്ഞ പ്രളയകാലത്തും ജലാപകടങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന അഗ്നിരക്ഷാസേനയുടേയും ഇവരുടെ സഹായത്തിനുള്ള സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്മാര്ക്കുമുള്ള പരിമിതികള്‍ ബോധ്യപ്പെട്ടത്.
ഇവരില്‍ കൂടുതല്‍ പേര്‍ക്കും നീന്താനറിയില്ലെന്ന് മാത്രമല്ല വെള്ളം പലര്‍ക്കും പേടിയാണെന്നും തിരിച്ചറിഞ്ഞു. ഇതോടെയാണ് അഗ്നിരക്ഷാസേനക്കും വൊളണ്ടിയര്‍മാര്‍ക്കും നീന്തല്‍ പരിശീലനം നല്‍കാനുള്ള തീരുമാനമെടുത്തത്.
ഈ തീരുമാനം അഗ്നിരക്ഷാസേനയുടെ ജില്ലാ മേധാവികള്‍ ഇരുകയ്യും നീട്ടിയ സ്വീകരിക്കുകയായിരുന്നു. പിതാവിന്റെ പാത പിന്തുടരുന്ന കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനായ മകന് വില്യം ചാള്സനാണ് മൂന്നുഘട്ടങ്ങളിലായി എണ്‍പതോളം അഗ്നിരക്ഷാ സേനക്കുള്ള പരിശീലനത്തിന്റെ ചുക്കാന്‍ പിടിച്ചത്.
പരിശീലനം പൂര്‍ത്തിയായപ്പോള്‍ പഠിതാക്കളിലുണ്ടായ ആത്മവിശ്വാസവും നീന്തലിലെ മികവും ബോധ്യപ്പെട്ട വകുപ്പുമേധാവികള്‍ ചാള്‍സന്റെ ഈ സംഭാവനയെ കറയില്ലാതെ അഭിനന്ദിക്കാനും തയാറാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പ്രളയക്കെടുതികളേയും ജലഅപകടങ്ങളേയും നേരിടാനായി സംസ്ഥാനത്ത് സേവന സന്നദ്ധരായവരെ സംഘടിപ്പിച്ച് പരിശീലനം നല്കി വിപുലമായ രക്ഷാസേനയെ വാര്‍ത്തെടുക്കണമെന്ന വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള വെമ്പലിലാണ് ചാള്സണ്. ഭാര്യ:സുമ. മകള്‍: ജാസ്മിന്. ു