കോട്ടയം: കെട്ടഴിഞ്ഞ് ചാലുകുന്ന് ഭാഗത്ത് എത്തിയ പശുവും കിടാവും ഉടമസ്ഥനെ കാത്തിരിക്കുന്നു. എന്നാൽ പശുവും കിടാവും അനാഥരല്ല. അവരിപ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. ഇതുവരെ ഉടമസ്ഥനെത്തി കൊണ്ടുപോയിട്ടില്ല.
രണ്ടുദിവസം മുൻപ് ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയ പശുവിനും കിടാവിനും വെള്ളവും മറ്റും നല്കി പരിപാലിക്കുകയാണ് പരിസരവാസികൾ. ഇന്നലെ രാഷ്ട്രദീപികയാണ് പശുവും കിടാവും കെട്ടഴിഞ്ഞ് എത്തിയ വിവരം പടം സഹിതം റിപ്പോർട്ട് ചെയ്തത്.
പത്രത്തിലൂടെ വിവരം അറിഞ്ഞ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം ചാലുകുന്നിലെത്തി കിടാവിനെ സുരക്ഷിതമായി കെട്ടിയിട്ടു. പശുവിന്റെ ചെവിയിൽ ഘടിപ്പിച്ചിരുന്ന ഇൻഷ്വറൻസ് വിവരങ്ങളിൽ നിന്ന് ഉടമ ഇല്ലിക്കൽ സ്വദേശി ജോയി ആണെന്ന് കണ്ടെത്തി.
ജോയിയെ ബന്ധപ്പെട്ടപ്പോൾ താൻ ഒരു ഏജന്റ് മുഖേന പശുവിനെയും കിടാവിനെയും വിറ്റുവെന്നാണ് പറയുന്നത്. വാങ്ങിയ ആളെ ഇതുവരെ കണ്ടെത്താനായില്ല. കോട്ടയം ടൗണിൽ കോടിമത ഭാഗത്തുള്ളയാളാണ് വാങ്ങിയതെന്നു പറയുന്നു. യഥാർഥ ഉടമയ്ക്കും ഇനി പശുവിനെ കൊണ്ടുപോകണമെങ്കിൽ മൃഗസംരക്ഷണ വകുപ്പിന്റെയും പോലീസിന്റെയും അനുമതി വേണം.