കോട്ടയം: “ഹലോ…ഈരാറ്റുപേട്ടയിൽ മഴയുണ്ടോ ചേട്ടാ..പാലായിലോ….?” ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡരികിൽ താമസിക്കുന്നവർ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അന്വേഷിക്കുകയാണ് മഴയുണ്ടോ എന്നറിയാൻ. അവിടെ മഴ പെയ്താൽ ഇവിടെ വെള്ളം പൊങ്ങും അതാണ് അവസ്ഥ.
മഴക്കാറ് കാണുന്പോഴേ പാലായിലും ഈരാറ്റുപേട്ടയിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അവിടത്തെ കാലാവസ്ഥ ചോദിക്കും. ചരിത്രം തിരുത്തിയ വെള്ളപ്പൊക്കമാണല്ലോ കടന്നു പോയത്. വെള്ളപ്പൊക്കം സൃഷ്ടിച്ച നഷ്ടക്കണക്ക് ചില്ലറയൊന്നുമല്ല കൊച്ചാനക്കാർക്കുണ്ടായത്. കാറും ഫ്രിഡ്ജും വാഷിംഗ് മെഷീനും മാത്രമല്ല തുണിയും പാഠപുസ്തകങ്ങളും ബാങ്ക് പാസ് ബുക്കും വരെ നഷ്ടപ്പെട്ടു.
രണ്ടു കാര്യങ്ങളാണ് ഇവിടത്തെ നാട്ടുകാർ അധികൃതർക്ക് മുന്നിൽ ആവശ്യപ്പെടുന്നത്. ഒന്ന് അറുത്തൂട്ടി തോടിന്റെ ആഴം വർധിപ്പിക്കുക. മറ്റൊന്ന് സിഎൻഐ-കൊച്ചാന റോഡ് മണ്ണിട്ട് ഉയർത്തുക. ഈ രണ്ട് കാര്യങ്ങളും പൂർത്തിയായാൽ മാത്രമേ ഇവിടത്തെ വെള്ളപ്പൊക്കത്തിന് അറുതി വരു.
മീനച്ചിലാറിന്റെ കൈവഴിയാണ് അറുത്തൂട്ടി തോട്. തോട് ആരംഭിക്കുന്ന ഭാഗത്ത് വീതിയുണ്ട്. പക്ഷേ പിന്നീട് വീതി കുറവാണ്. അതിനാൽ മീനച്ചിലാറ്റിൽ നിന്ന് വെള്ളത്തള്ളൽ ഉണ്ടാകുന്പോൾ പെട്ടെന്ന് ഒഴുകി പോകാതെ ഇരുകരളിലേക്കും വ്യാപിക്കും. അങ്ങനെയാണ് ഇവിടുത്തെ വെള്ളപ്പൊക്കമുണ്ടാകുന്നത്. അറുത്തൂട്ടി തോട് മണ്ണ് നിറഞ്ഞ് നികന്നിട്ടുമുണ്ട്. പോരാത്തതിന് വർഷങ്ങളായി ആറ്റിൽ കിടക്കുന്ന കരിങ്കൽ കഷണങ്ങൾ നീക്കം ചെയ്തിട്ടുമില്ല. ഇതൊക്കെയാണ് ഇവിടത്തെ വെള്ളപ്പൊക്കത്തിന് കാരണം.
ആണ്ടിൽ പലതവണയായി 15 ദിവസത്തിലധികം സിഎൻഐ-കൊച്ചാന റോഡിലൂടെയുള്ള ഗതാഗതം സ്തംഭിക്കും. റോഡിൽ വെള്ളം കയറുന്നതാണ് കാരണം. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് റോഡിൽ ഒന്നരയാൾ വെള്ളമുണ്ടായിരുന്നു. കാലവർഷം ആരംഭിച്ചാൽ ജില്ലയിലെ ആദ്യ ദുരിതാശ്വാസ ക്യാന്പ് സിഎൻഐ എൽപി സ്കൂളാണ്. കഴിഞ്ഞ തവണ 18 കുടുംബങ്ങൾ ഇവിടെ അഭയം തേടിയിരുന്നു.
അറൂത്തൂട്ടി, പഴയ സെമിനാരി, താഴത്തങ്ങാടി എന്നിവിടങ്ങളിലേക്ക് പോകുന്നത് സിഎൻഐ-കൊച്ചാന റോഡ് വഴിയാണ്. ചുങ്കത്ത് റോഡ് തടസമുണ്ടായാൽ വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടാറുണ്ട്. ഈ റോഡ് ഉയർത്തിയാൽ കാലവർഷ സമയത്ത് ജനങ്ങൾക്ക് യാത്രാ സൗകര്യമെങ്കിലും ലഭിക്കുമായിരുന്നു. മുട്ടിനു താഴെ മാത്രം വെള്ളത്തിലൂടെയെങ്കിലും നടന്നു പോകാൻ കഴിഞ്ഞാൽ മതിയെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.