കൊല്ലം: അഭീഷ്ട കാര്യ സിദ്ധിക്കായി പുരുഷൻമാർ സ്ത്രീവേഷം കെട്ടുന്ന കൊല്ലം ചവറ കൊറ്റംകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിൽ ചവറയിൽ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്.
സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി പൂവും ചൂടി മേക്കപ്പുമിട്ട് വരുന്ന പുരുഷന്മാരെ കണ്ടാൽ കൂടെ വന്നവർ പോലും തിരിച്ചറിയില്ല. ക്ഷേത്രത്തിലെത്തുന്ന മറ്റ് സ്ത്രീകൾ പോലും അസൂയയോടെയാണ് ഒരുങ്ങി നിൽക്കുന്ന പുരുഷന്മാരെ നോക്കുന്നത്. ആണ് മക്കളെ പെണ്കുട്ടികളാക്കിയും, ഭര്ത്താക്കന്മാരെ യുവതികളാക്കിയും ഉത്സവത്തിന് വിളക്ക് എടുപ്പിക്കുന്നവരുണ്ട്.
ആദ്യകാലങ്ങളിൽ ചമയവിളക്കിന് പരമ്പരാഗത വേഷമായിരുന്നു പുരുഷന്മാർ ധരിച്ചിരുന്നത്. സെറ്റും മുണ്ടോ, കേരള സാരിയോ അതുംഅല്ലെങ്കിൽ പട്ടുസാരിയോ ഒക്കെ ആണ് അന്നത്തെ സ്ഥിരം വേഷങ്ങൾ. എന്നാൽ ഇന്ന് കാലം മാറിയതിന് അനുസരിച്ച് വസ്ത്രധാരണ രീതിയിലും മാറ്റം വന്നിട്ടുണ്ട്.
വീട്ടിൽ നിന്നു ഒരുങ്ങി വരുന്നവരാരിയിരുന്നു ആദ്യകാലത്ത് ചമയവിളക്ക് എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ചമയമിടാൻ മേക്കപ്പ്മാൻമാർ ഉണ്ട്. സ്ത്രീകൾ പോലും അതിശയിച്ച് പോകുന്ന രൂപമാറ്റമാണ് ചമയവിളക്കിൽ പങ്കെടുക്കുന്ന ഓരോ പുരുഷന്മാരും കൊണ്ടുവരുന്നത്.
ക്ഷേത്രത്തിൽ പുരുഷന്മാർ സുന്ദരികളായി എത്തുമ്പോൾ സെൽഫി എടുക്കാൻ യുവാക്കൾ വരുന്നതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായ കാഴ്ചകളാണ്.