വർഗീസ് എം. കൊച്ചുപറന്പിൽ
ചവറ : ആചാരപ്പെരുമയും അപൂർവ ഐതിഹ്യവും സമന്വയിപ്പിക്കുന്ന പുരുഷാംഗനമാരുടെ ചമയവിളക്ക് ഭക്തി സാന്ദ്രമായി. അംഗനമാരിൽ അസൂയനിറച്ച് ആയിരങ്ങൾ ആണ് കൊറ്റൻ കുളങ്ങര ക്ഷേത്രത്തിൽ എത്തി ചമയവിളക്കെടുത്തത്. അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാർ വ്രതം എടുത്ത് പെണ് വേഷം കെട്ടി വിളക്കെടുക്കുന്ന അപൂർവ്വ ഉത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് . കഴിഞ്ഞ ദിവസം മുതൽ പല സ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. രാത്രിയോടെ വീട്ടിൽ നിന്ന് ഒരുങ്ങി വരുന്നവരേയും മേക്കപ്പ്മാൻമാരുടെ സഹായത്തോടെ ഒരുങ്ങി വരുന്നവരേയും കാണാമായിരുന്നു.
സ്ത്രീവേഷധാരിയായി മേക്കപ്പ് റൂമിൽ നിന്നും പുറത്തിറങ്ങി വരുന്ന പുരുഷാംഗനെ കണ്ടാൽ കൂടെ കൊണ്ടു വന്നവർക്ക് പോലും തിരിച്ചറിയാൻ പ്രയാസമാണ്. മുല്ല പൂ ചൂടി പട്ടുസാരിയും സെറ്റും മുണ്ടും ചുരിദാറും പിന്നെ വേഷത്തിനിണങ്ങുന്ന കമ്മൽ, വള, മാലയും ധരിച്ച പുരുഷാംഗനമാരെ കാണുന്പോൾ യഥാർത്ഥ നാരിമാർ പോലും അത്ഭുതപ്പെടുന്ന കാഴ്ച്ചയാണ് പിന്നീട് ഉണ്ടാകുന്നത്. ഇന്നലെരാത്രി പത്തോടെ ക്ഷേത്രപരിസരം മുഴുവൻ വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞിരുന്നു. പല വേഷപകർച്ചയിൽ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി.
അന്യസംസ്ഥാനനങ്ങളിൽ നിന്നും ഭക്തർ എത്തിയിരുന്നു. വന്നവരിൽ കൂടുതൽ പേരും വർഷങ്ങളായി ചമയവിളക്ക് എടുക്കുന്നവർ തന്നെയായിരുന്നു. ആഗ്രഹപൂർത്തീകരണത്തിനായി ഓരോ വർഷവും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്.ഇക്കുറിയും അങ്ങനെ തന്നെ . വർഷങ്ങളുടെ പഴക്കമുള്ള കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വ്യത്യസ്ഥമായ ആചാരം ക്ഷേത്ര ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്.
പുരുഷാംഗനമാർ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നിൽ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ചതിന് ശേഷം വിളക്കുമായി കുഞ്ഞാലിമൂട് മുതൽ ആറാട്ട് കടവ് വരെ വരിവരിയായി നിന്നു. വിളക്കുകണ്ട് തൃപ്തയായ ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെത്തെ ഉത്സവം നടത്തിയത് ചവറപുതുക്കാട് കരക്കാരാണ്. ഉരുൾച്ച, കലശപൂജകൾ, കെട്ടുകാഴ്ച, സംഗീതസദസ്സ് എന്നിവ നടന്നു.ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ ദേവി വിശ്രമിക്കുന്നതോടെ ആദ്യദിവസത്തെ ചമയവിളക്ക് അവസാനിച്ചു. ഇന്ന് കുളങ്ങരഭാഗംകോട്ടയ്ക്കകം കരക്കാരുടെ ഉത്സവത്തോടെ കൊറ്റൻകുളങ്ങര ചമയവിളക്കെടുപ്പ് മഹോത്സവം സമാപിക്കും.