ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചന്പക്കുളം മൂലം ജലോത്സവം ഇന്നു നടക്കും. ആറു ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 19 കളിവള്ളങ്ങളാണ് ജലോത്സവത്തിൽ അങ്കത്തിനിറങ്ങുന്നത്. ജലോത്സവത്തിന്റെ ഭാഗമായി രാവിലെ മീത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികാരികളുടെ നേതൃത്വത്തിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കും. ഉച്ചയ്ക്ക് 1.30നു ജലോത്സവത്തിനു തുടക്കം കുറിച്ച് കളക്ടർ എസ്. സുഹാസ് പതാക ഉയർത്തും.
തുടർന്ന് 2.10നു നടക്കുന്ന സമ്മേളനം ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദഘാടനം ചെയ്യും. തോമസ്ചാണ്ടി എംഎൽഎ അധ്യക്ഷത വഹിക്കും. 2.30 ന് നടക്കുന്ന മാസ്ഡ്രിൽ ദേവസ്വം ബോർഡംഗം കെ. രാഘവനും ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപിയും ഫ്ളാഗ് ഓഫും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പ്രസംഗിക്കും. ജലവിഭവമന്ത്രി മാത്യു ടി. തോമസ്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തുടങ്ങിയവർ ജലമേളയിൽ വിശിഷ്ടാതിഥികളാകും. ജലോത്സവ വിജയികൾക്ക് ഭക്ഷ്യമന്ത്രി സമ്മാനവിതരണം നിർവഹിക്കും.