മങ്കൊമ്പ്: കുട്ടനാട്ടിലെ ജലമേളകൾക്കു തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി നടക്കേണ്ട മൂലം നാൾ ഇന്ന്. കോവിഡ് സാഹചര്യത്തിൽ ഇക്കുറിയും മൂലക്കാഴ്ച ചടങ്ങുകളിൽ ഒതുങ്ങും.
കോവിഡ് വ്യാപനവും, ലോക്ഡൗണും മൂലം തുടർച്ചയായ രണ്ടാം തവണയാണ് മൂലം ജലമേള ചടങ്ങുകളിൽ ഒതുങ്ങുന്നത്. മൽസര വള്ളം കളി ഒഴിവാക്കി ആചാരങ്ങൾ മാത്രമാകും ഇന്നു നടക്കുക.
ചമ്പക്കുളത്താറ്റിൽ നൂറ്റാണ്ടുകളായി നടക്കുന്ന വള്ളംകളി ചമ്പക്കുളത്തുകാർക്കു മാത്രമല്ല, കുട്ടനാട്ടുകാർക്കാകെ ഉൽസവപ്രതീതിയാണ് നൽകിപ്പോരുന്നത്.
കഴിഞ്ഞ വർഷം നടക്കാതെ പോയ മൽസരവള്ളംകളി ഇത്തവണ കൂടുതൽ വീറുറ്റതാക്കാമെന്ന ജലോൽസവ പ്രേമികളുടെ പ്രതീക്ഷകൾ കോവിഡിന്റെ രണ്ടാം തരംഗം കവർന്നെടുക്കുകയായിരുന്നു.
ജലമേളയുടെ ഭാഗമായുള്ള ആചാരാനുഷ്ഠാനങ്ങൾ രാവിലെ 11.30ന് ആരംഭിക്കും. അമ്പലപ്പുഴ ദേവസ്വം പ്രതിനിധികൾ അവിടുത്തെ പൂജാ കർമങ്ങൾക്കു ശേഷം 11.30ന് ചമ്പക്കുളത്തെത്തും.
മഠത്തിൽ ക്ഷേത്രത്തിലെ വഴിപാടുകൾക്കു ശേഷം അവിടെ നിന്നും പ്രത്യേകം തയ്യാറാക്കിയ ചുരുളൻ വള്ളത്തിൽ സംഘം മാപ്പിളശേരി തറവാട്ടിലേക്കു യാത്ര തിരിക്കും. തറവാട്ടിലെത്തുന്ന സംഘം കാരണവർക്കു വെറ്റിലയും, പുകയിലയും നൽകും. തുടർന്നു ക്ഷേത്രത്തിൽ നിന്നുള്ള വഴിപാടും സ്വീകരിക്കും.