ഇന്ത്യ x ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം ആരംഭിക്കുന്നതിനു മുന്പ് സുനിൽ ഗാവസ്കറും വി.വി.എസ്. ലക്ഷ്മണും അവതാരകരായി ചില അഭിപ്രായപ്രകടനമുണ്ടായി. അത് ഇങ്ങനെയാണ്: ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ 15 അംഗങ്ങളും മത്സരത്തിന്റെ ഗതി ഒറ്റയ്ക്കു മാറ്റിമറിക്കാൻ കെൽപ്പുള്ളവരാണ്.
അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹനുമ വിഹാരിക്ക് വിശ്രമം നല്കിയതും പേസ് ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ അഭാവം നിഴലിക്കാത്തതും. എണ്പതുകളിലെ വെസ്റ്റ് ഇൻഡീസ് ടീമിനെയും സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം. കാരണം, മത്സരം ജയിക്കുന്നു എന്നതിനപ്പുറം പഴയ വിൻഡീസ്, ഓസീസ് ടീമുകളെപ്പോലെ സർവാധിപത്യമാണ് ഇപ്പോൾ ഇന്ത്യയും പുലർത്തുന്നത്.
ഗാവസ്കറിന്റെയും ലക്ഷ്മണിന്റെയും നിരീക്ഷണം ശരിയാണ്. ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിജയിച്ചത് ആധിപത്യത്തോടെതന്നെയായിരുന്നു. അതിലേക്ക് ഇന്ത്യയെ നയിച്ചത് ബാറ്റിംഗിലെയും ബൗളിംഗിലെയും വൈവിദ്യവും കരുത്തുമാണ്.
ഈ വർഷത്തെ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾ അവസാനിച്ചു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ഏഴ് മത്സരങ്ങളിലും ഇന്ത്യ ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരം ഉള്ളത്.
പേസ് ആക്രമണം
ഇന്ത്യ ഈ വർഷം അഞ്ച് ടെസ്റ്റാണ് ഹോം ഗ്രൗണ്ടുകളിൽ കളിച്ചത്. സാധാരണഗതിയിൽ സ്പിന്നർമാരാണ് ഇന്ത്യയിൽ ബൗളിംഗിൽ തിളങ്ങാറുള്ളത്. എന്നാൽ, ഇത്തവണ ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവർ 59 വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർമാർക്ക് നേടാനായത് 37 വിക്കറ്റു മാത്രമാണ്. കോൽക്കത്ത ടെസ്റ്റിൽ ഒരു വിക്കറ്റ് പോലും സ്പിന്നർമാർക്ക് പേസർമാർ വിട്ടുനല്കിയില്ലെന്നതും ശ്രദ്ധേയം. ജസ്പ്രീത് ബുംറ ഹോം ടെസ്റ്റുകളിൽ ഇല്ലായിരുന്നു എന്നതും ഇതിനോടു ചേർത്തുവായിക്കണം.
സ്പിന്നർമാർ
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സൈഡ് ബെഞ്ചിലായിരുന്ന ആർ. അശ്വിൻ ഇന്ത്യയിലെ അഞ്ച് ടെസ്റ്റിൽനിന്നായി 20 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് 2021വരെ ഹോം ടെസ്റ്റ് സീരീസ് ഇല്ല. അതിനാൽ ഏഷ്യക്ക് പുറത്ത് അശ്വിന്റെ സ്ഥാനം എവിടെയാകും എന്നു കണ്ടറിയണം. ഓൾ റൗണ്ട് പ്രകടനം നടത്തുന്ന രവീന്ദ്ര ജഡേജ ബാറ്റിംഗിൽ ആറാം നന്പറിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ബൗളിംഗിൽ ശരാശരിമാത്രം. അഞ്ച് ഹോം ടെസ്റ്റിൽനിന്നായി 36.07 ശരാശരിയിൽ 13 വിക്കറ്റ് ആണ് ജഡേജയുടെ സന്പാദ്യം. കുൽദീപ് യാദവ് വിദേശ പര്യടനങ്ങളിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽ എത്തിയാൽ അദ്ഭുതമില്ല.
ഓപ്പണിംഗ് ക്ലിക്
കഴിഞ്ഞ രണ്ട് വർഷമായി ഓപ്പണിംഗ് ബാറ്റിംഗിൽ ഇന്ത്യ പരീക്ഷണമാണ് നടത്തിക്കൊണ്ടിരുന്നത്, പ്രത്യേകിച്ച് വിദേശ പരന്പരകളിൽ. എന്നാൽ, ഹോം മത്സരങ്ങളിൽ രോഹിത് ശർമ എത്തിയതോടെ ഓപ്പണിംഗിലെ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന സൂചനയാണ് ലഭിക്കുന്നത്. മായങ്ക് അഗർവാൾ രണ്ട് ഇരട്ട സെഞ്ചുറിയടക്കം നേടി തന്റെ സ്ഥാനം ഉറപ്പിച്ചു. രോഹിത്-മായങ്ക് കൂട്ടുകെട്ടിന്റെ കരുത്ത് ന്യൂസിലൻഡ് പര്യടനത്തിൽ അളക്കപ്പെടും. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ തുടങ്ങിയവരെല്ലാം ഇന്ത്യൻ പ്ലേയിംഗ് ഇലവണിലേക്കുള്ള വിളിക്കായി കാത്തിരിപ്പുണ്ട്.
കീപ്പർ, സ്ലിപ്പ് ക്യാച്ച്…
ഒന്നാം നന്പർ വിക്കറ്റ് കീപ്പറിന്റെ സ്ഥാനം നിലവിൽ വൃഥിമാൻ സാഹയിൽ സുരക്ഷിതമാണ്. പരിക്കിനെത്തുടർന്ന് ടീമിനു പുറത്തായ സാഹയ്ക്ക് മടങ്ങിവരാനുള്ള സാഹചര്യമൊരുങ്ങിയത് ഋഷഭ് പന്തിന്റെ പരിക്കാണ്. ലഭിച്ച അവസരം സാഹ ഭംഗിയായി ഉപയോഗിച്ചു.
അതേസമയം, സ്ലിപ് ക്യാച്ചിംഗിൽ ഇന്ത്യ കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഈ വർഷത്തെ ഹോം സീരീസുകളിലെ അഞ്ച് മത്സരങ്ങളിലായി ഇന്ത്യ 14 ക്യാച്ചുകൾ സ്ലിപ്പിൽ നഷ്ടപ്പെടുത്തി. അതിൽ ഏഴ് എണ്ണം വിഷമമുള്ള ക്യാച്ച് അവസരമാണെന്നത് യാഥാർഥ്യമാണ്. ബംഗ്ലാദേശിനെതിരേ അജിങ്ക്യ രഹാനെ സ്ലിപ്പിൽ നാല് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ രണ്ട് എണ്ണം വീതവും. ക്യാച്ചുകൾ മത്സരവിജയം നിശ്ചിയിക്കുമെന്നതിനാൽ വിദേശത്ത് ഇന്ത്യയുടെ സ്ലിപ്പ് ചോരാതിരിക്കേണ്ടതുണ്ട്.