മിലാന്/നേപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ സൂപ്പർ പോരാട്ടങ്ങൾ സമനിലയിൽ കലാശിച്ചു. മിലാനിൽ നടന്ന ഇന്റർ മിലാൻ-ബാഴ്സലോണ മത്സരവും നേപ്പിൾസിൽ നടന്ന നാപ്പോളി-പിഎസ്ജി പോരാട്ടവും സമനിലയിൽ അവസാനിച്ചു. അതേസമയം, ഗ്രൂപ്പ് എയിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ട് ഗോളിന് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കീഴടക്കി.
ഡോര്‍ട്മുണ്ടിനെതിരെ മിന്നും ജയമാണ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. സോൾ(33), ഗ്രീസ്മാൻ(80) എന്നിവരുടെ ഗോളുകളാണ് അത്ലറ്റിക്കോയുടെ വിജയം ഉറപ്പിച്ചത്. ജയത്തോടെ നാലു മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി അത്ലറ്റിക്കോ. ഒമ്പത് പോയിന്റുമായി ഗോൾശരാശരിയിൽ മുന്നിലുള്ള ഡോര്‍ട്മുണ്ടാണ് ഒന്നാമത്.
ഗ്രൂപ്പ് ബിയിൽ ഇന്റർ മിലാൻ-ബാഴ്സലോണ മത്സരത്തിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി. 83-ാം മിനിറ്റിൽ മാൽക്കമാണ് ബാഴ്സയ്ക്ക് ലീഡ് നേടി കൊടുത്തത്. എന്നാൽ 87-ാം മിനിറ്റിൽ ഇക്കാർഡിയുടെ ഗോളിലൂടെ ഇന്റർ ഒപ്പമെത്തി. ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ പത്ത് പോയിന്റുമായി ബാഴ്സ ഒന്നാമതും ഏഴു പോയിന്റുമായി മിലാൻ രണ്ടാമതുമാണ്.
നാപ്പോളി-പിഎസ്ജി പോരാട്ടവും 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യപകുതിയിൽ ബെർണാഡിലൂടെ പിഎസ്ജിയാണ് ലീഡ് എടുത്തത്. 62-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നാപ്പോളി തിരിച്ചടിച്ചു. ഗ്രൂപ്പ് സിയിൽ നാലു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി നാപ്പോളി ഒന്നാമതാണ്. അഞ്ച് പോയിന്റുള്ള പിഎസ്ജി മൂന്നാം സ്ഥാനത്താണ്.