ബെൻഫിക/ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ മുന്പന്മാർ ഇന്നു കളത്തിൽ.
ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സി, രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ടീം എഫ്സി ബാഴ്സലോണ, നാലാം സ്ഥാനത്തുള്ള ജർമൻ സംഘം ബയേർ ലെവർകൂസെൻ, അഞ്ചാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീം ആസ്റ്റണ്‍ വില്ല തുടങ്ങിയവ ഏഴാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങും.
ലീഗ് ഫോർമാറ്റിൽ ഇതാദ്യമായി അരങ്ങേറുന്ന ചാന്പ്യൻസ് ലീഗിൽ, ആദ്യ എട്ടു സ്ഥാനക്കാരാണ് നേരിട്ട് നോക്കൗട്ടിൽ പ്രവേശിക്കുക. ലീഗ് റൗണ്ടിലുള്ള എട്ട് റൗണ്ടിലെ ഏഴാം റൗണ്ട് മത്സരമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.15നും നാളെ പുലർച്ചെ 1.30നുമായി അരങ്ങേറുന്നത്.
ലെവൻ Vs എയ്ഞ്ചൽ
ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ എവേ പോരാട്ടത്തിൽ പോർച്ചുഗൽ സംഘമായ ബെൻഫികയെ നേരിടും.
ഏഴു ഗോളുമായി നിലവിൽ ടോപ് സ്കോറർ സ്ഥാനത്തുള്ള ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കിയും ബെൻഫികയുടെ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയയും നേർക്കുനേർ ഇറങ്ങുന്ന മത്സരമാണിത്. 10 പോയിന്റുമായി 15-ാം സ്ഥാനത്തുള്ള ബെൻഫിക നോക്കൗട്ടിലേക്കുള്ള പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ലിവർപൂൾ Vs ലില്ല
ലീഗ് റൗണ്ടിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ലിവർപൂൾ. കളിച്ച ആറു മത്സരത്തിലും ജയിച്ച് 18 പോയിന്റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തുള്ളത്. ഫ്രഞ്ച് ക്ലബ് ലില്ലയാണ് ലിവർപൂളിന്റെ എതിരാളി.
വിവിധ പോരാട്ടങ്ങളിലായി കഴിഞ്ഞ 21 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ലില്ല എത്തുന്നത്. 2024 സെപ്റ്റംബറിൽ ചാന്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ പോർച്ചുഗൽ ടീമായ സ്പോർട്ടിംഗിനോടായിരുന്നു ലില്ല അവസാനമായി തോൽവി വഴങ്ങിയത്.
മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് ബയേർ ലെവർകൂസെനെയും ആസ്റ്റണ്‍ വില്ല എഎസ് മൊണാക്കോയെയും നേരിടും. യുവന്റസ്, ഡോർട്ട്മുണ്ട് തുടങ്ങിയ ക്ലബ്ബുകളും കളത്തിലുണ്ട്.
റയൽ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ആഴ്സണൽ തുടങ്ങിയ ടീമുകൾ നാളെ ഇറങ്ങും.