പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി ഫൈനലിലേറ്റ പിഴവുകൾ തിരുത്തി വൻ ജയം സ്വപ്നം കണ്ട് പാരീസ് സെന്റ് ജെർമയിൻ രണ്ടാം പാദത്തിന് ബൊറൂസിയ ഡോർട്മുണ്ടിനെതിരേ ഇന്ന് ഇറങ്ങുന്നു.
രണ്ടാംപാദം സ്വന്തം കളത്തിലാണെന്ന ആനുകൂല്യം പിഎസ്ജിക്കുണ്ട്. ആദ്യപാദത്തിൽ 1-0ന് ഡോർട്മുണ്ട് ജയിച്ചിരുന്നു. ഇതുവരെ എവേ പോരാട്ടത്തിൽ പിഎസ്ജിയെ തോൽപ്പിക്കാനോ ഗോൾ നേടാനോ ഡോർട്മുണ്ടിനായിട്ടില്ല.
ഈ സീസണോടെ പിഎസ്ജി വിടാനൊരുങ്ങുന്ന കിലിയൻ എംബപ്പെയ്ക്ക് ക്ലബ്ബിന് ചാന്പ്യൻസ് ലീഗ് കിരീടം കൂടി നേടിക്കൊടുക്കനുള്ള അവസരമാണിത്.
ഡോർട്മുണ്ടിനെതിരേ എംബപ്പെയ്ക്കു കഴിഞ്ഞ രണ്ടു മത്സരത്തിലും ഗോൾ നേടാനായിട്ടില്ല. മുൻനിരയിൽ എംബപ്പെയ്ക്കു പിന്തുണയുമായി ഉസ്മാൻ ഡെംബെലെ, ബ്രാഡ്ലി ബാർകോള, ഗോണ്‍സലോ റാമോസ് അല്ലെങ്കിൽ റാൻഡൽ കോലോ മുവാനി എന്നിവരുമുണ്ട്.
പരിക്കിനെത്തുടർന്ന് ലൂകാസ് ഹെർണാണ്ടസ് ഇല്ലാത്തതാണ് ലൂയിസ് എൻറിക്കെയുടെ പിഎസ്ജിയെ വലയ്ക്കുന്ന പ്രശ്നം. ആദ്യപാദ മത്സരത്തിനിടെയാണ് ഹെർണാണ്ടസിനു പരിക്കേറ്റത്. 2013നുശേഷം ചാന്പ്യൻസ് ലീഗ് ഫൈനൽ ലക്ഷ്യമിട്ടാണ് ബൊറൂസിയ ഡോർട്മുണ്ട് പാരീസിൽ എത്തിയിരിക്കുന്നത്.