ലാഹോർ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.
ഉച്ചകഴിഞ്ഞ് 2.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരായും ഗ്രൂപ്പ് ബിയിൽ പ്രോട്ടീസ് ഒന്നാം സ്ഥാനക്കാരുമായാണു സെമിയിലെത്തിയത്.
ഇന്നലെ നടന്ന ആദ്യസെമിയിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയെ നാലു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കിരീടപോരാട്ടത്തിനു ടിക്കറ്റെടുത്തത്. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 264. ഇന്ത്യ 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 267. സൂപ്പർ താരം വിരാട് കോഹ്ലി 98 പന്തിൽ 84 റൺസ് നേടി ഇന്ത്യയുടെ വിജയശിൽപ്പിയായി.
ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്. മാർച്ച് ഒന്പതിന് ഉച്ചകഴിഞ്ഞ് 2.30 മുൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണു ഫൈനൽ.