മുംബൈ: വരുമാന തർക്കത്തിന്റെ പേരിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാതെ ഉടക്കി മാറിനിൽക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു നെരെ (ബിസിസിഐ) വടിയെടുത്ത് സുപ്രീം കോടതി നിയമിച്ച ഇടക്കാല സമിതി. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമിനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി ബിസിസിഐക്ക് നിർദേശം നൽകി. ഉടൻതന്നെ സെലക്ഷൻ കമ്മിറ്റി വിളിച്ച് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം കഴിഞ്ഞിട്ടും ടീമിനെ ഇതുവരെ പ്രഖ്യാപിക്കാത്തത് എന്താണെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗദരിയോട് സമിതി ചോദിച്ചു. അമിതാബ് ചൗദരിക്ക് അയച്ച കത്തിലാണ് ഇടക്കാല സമിതി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടക്കാല സമിതി നിർദേശം വന്നതോടെ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ നടപടികൾ ബിസിസിഐ സ്വീകരിച്ചാൽ, സുപ്രീം കോടതിയെ സമീപിക്കുമെന്നു നേരത്തെ ഇടക്കാല സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം ഏപ്രില്‍ 25 ആയിരുന്നു. എന്നാല്‍ ഐസിസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിസിസിഐ ടീമിനെ പ്രഖ്യാപിക്കാന്‍ തയാറായിട്ടില്ല. പ്രതിഫലത്തിന്റെ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബിസിസിഐയെയും ഐസിസിയെയും തമ്മിലുള്ള ഉടക്കിന് കാരണമായത്.
അവസാന ദിവസത്തിനു മുമ്പ് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അതിനുശേഷവും ടീമിനെ പ്രഖ്യാപിക്കാന്‍ ഐസിസി നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. ഇന്ത്യ ഒഴികെ ടൂര്‍ണമെന്റിനുള്ള മറ്റ് ഏഴു ടീമുകളും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ 18 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്.