ന്യൂഡല്‍ഹി: തുടര്‍ച്ചയായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുശേഷം ടീം ഇന്ത്യ ഇനി ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലേക്ക്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകളുടെ പോരാട്ടമാണ് ചാമ്പ്യന്‍സ് ട്രോഫി. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാരും. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിനു തുടങ്ങും.
രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്.നാട്ടില്‍ തുടര്‍ച്ചയായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര, ഏകദിന പരമ്പര, ട്വന്റി-20 മത്സരങ്ങള്‍ എന്നിവയിലെല്ലാം വിരാട് കോഹ്ലിക്കും സംഘത്തിനും വിജയക്കൊടി പാറിക്കാനായി.
ടെസ്റ്റ് പരമ്പര ഒന്നും പോലും നഷ്ടമായുമില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 13 ടെസ്റ്റുകളാണ് ഇന്ത്യ നാട്ടില്‍ കളിച്ചത്. ഇതെല്ലാം കഴിഞ്ഞ് അധികം വിശ്രമമെടുക്കാതെ കളിക്കാര്‍ പണമൊഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യന്‍ ടീമിന് ആവശ്യത്തിനു വിശ്രമം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവിലെ ടീമിലെ പല കളിക്കാര്‍ക്കും ഐപിഎല്‍ മത്സരം കഴിഞ്ഞ് ഒരാഴ്ചത്തെ വിശ്രമം മാത്രമേ അടുത്ത പ്രധാന ടൂര്‍ണമെന്റിനു മുമ്പ് ലഭിച്ചുള്ളൂ. വിശ്രമമില്ലാത്ത മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടി നല്‍കിയിട്ടുണ്ട്. 2009ലെ ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് സെമിയിലെത്താനായില്ല. അന്ന് ടീം പരിശീലകനായിരുന്ന ഗാരി കിർസ്റ്റന് കളിക്കാര്‍ക്കു വിശ്രമം ലഭിക്കാത്തതാണ് തോല്‍വിക്കു കാരണമാക്കിയതെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഐപിഎലും ഒരു കാരണമായിരുന്നു.
വീണ്ടും ഇന്ത്യന്‍ ടീം വിശ്രമമില്ലാതെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ്. ജൂണ്‍ നാലിനു നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനാണ് എതിരാളികള്‍. കോഹ്ലി നയിക്കുന്ന ടീമിലെ കളിക്കാര്‍ പ്രത്യേകിച്ച് പേസര്‍മാര്‍ക്ക് വിശ്രമം തീരെ കുറവാണ് ലഭിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലെ പേസര്‍മാരില്‍ മുഹമ്മദ് ഷാമി ഒഴികെ മറ്റുള്ളവര്‍ ഐപിഎലിന്റെ പ്ലേ ഓഫ് മത്സരങ്ങളില്‍ ഇറങ്ങി.
ദീര്‍ഘ നാളത്തെ പരിക്കിനുശേഷം ക്രിക്കറ്റ് മത്സരത്തിനെത്തിയ ഷാമി ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി എട്ട് കളിയില്‍ ഇറങ്ങി. ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എലിമിനേറ്റര്‍ ഉള്‍പ്പെടെ 16 കളിയില്‍ 14 ലിലും ഇറങ്ങി. ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സിന്റെ 17 കളിയില്‍ 16ലുമുണ്ടായിരുന്നു. അവസാനത്തെ മൂന്നു മത്സരങ്ങളിലും ബുംറയുണ്ടായിരുന്നു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉമേഷ് യാദവ് ടീമിന്റെ 16 കളിയില്‍ 14ലുമുണ്ടായിരുന്നു.
ഹോം സീസണിലെ ആറു മാസം ഇന്ത്യക്ക് 13 ടെസ്റ്റ് കളിക്കേണ്ടിവന്നു. ഇതെല്ലാം ചേരുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയൊരു ഭയമുണ്ട് മികച്ച കളി ഇംഗ്ലണ്ടില്‍ കാഴ്ചവയ്ക്കാനാവുമോയെന്ന്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ടീമിനെ തളര്‍ത്തില്ലെന്നാണ് വിദഗ്ധരും ഫിസിയോകളും പറയുന്നത്. 2007 മുതല്‍ 2015 വരെ ഇന്ത്യന്‍ ടീമിന്റെ ഫിസിയോയായിരുന്ന നിതിന്‍ പട്ടേലും തുടര്‍ച്ചയായ മത്സരങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നു പറഞ്ഞു.
2013ലും ഇതേ അവസ്ഥയായിരുന്നു. അന്ന് ഐപിഎല്‍ ഫൈനല്‍ മെയ് 26നായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ ആറിനും. ഇപ്പോഴും അതേ അവസ്ഥയാണ്. ഐപിഎല്‍ ഫൈനല്‍ 21നായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ജൂണ്‍ നാലിനും- അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ഫിസിയോയായ നിതിന്‍ പട്ടേല്‍ ബുംറയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും ജോലിഭാരം മനസിലാക്കിയതാണ്.
അഞ്ചു വര്‍ഷം മുമ്പുള്ള കളിക്കാരെ അപേക്ഷിച്ച് ഇപ്പോഴത്തെ കളിക്കാര്‍ ജോലിഭാരത്തെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും ശാരീരികക്ഷമതയെക്കുറിച്ചും അവബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കളിക്കാരും വിദഗ്ധസംഘവും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം നേടിയവരാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ തങ്ങള്‍ ഇതുപോലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ വരുമ്പോള്‍ പ്രധാന ബൗളര്‍ക്ക് 10 ഓവര്‍ ബൗള്‍ ചെയ്യേണ്ടിവരും. ജോലി ഭാരം കൂടുതലുള്ളതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ ക്വേട്ട പൂര്‍ത്തിയാക്കാന്‍ പറ്റുന്ന കാര്യം സംശയമാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പരിശീലകന് ഷെയ്ന് വോണ്‍ പറഞ്ഞു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നവരില്‍ ക്ഷീണം ബാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍മാരായ ജവഗല്‍ ശ്രീനാഥും വെങ്കിടേഷ് പ്രസാദും പറഞ്ഞു.കിർസ്റ്റന് 2009ല്‍ നടത്തിയ പ്രസ്താവനയെ പ്രസാദ് വിമര്‍ശിക്കുകയും ചെയ്തു. അന്നത്തെ മോശം പ്രകടനമാണ് നേരത്തെ പുറത്താക്കാന്‍ കാരണമായതന്നും മുന്‍ പേസര്‍ പറഞ്ഞു.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ടീം ഇന്ത്യ 20ല്‍ പതിനാറ് ഏകദിനങ്ങളില്‍ ജയം നേടിയത് ഇന്ത്യക്ക് ആത്മവിശ്വാസം തരുന്ന കാര്യമാണ്. കൂടാതെ പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ തന്റെ ഉജ്വ പ്രകടനങ്ങളിലൂടെ രക്ഷിക്കുന്നു. അതുപോലെ രോഹിത് ശർമയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് പുത്തൻ ഉണർവാണ്. രോഹിത് ശർമ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാന്പ്യന്മാരാക്കിയതും ഓപ്പണറായി വരുന്നതും ടീമിനു ഗുണകരമാണ്.
പല ബൗളർമാരും കുറെയേറെ മത്സരങ്ങൾ കളിച്ച് ക്ഷീണിതരായെങ്കിലും മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരുടെ സാന്നിധ്യം ഗുണകരമാണ്. സ്പിന്നർമാരിൽ അശ്വിൻ മടങ്ങിയെത്തുന്നത് മുതൽക്കൂട്ടാണ്. ഓൾറൗണ്ടർമാരിൽ ശ്രദ്ധേയരാകുന്നത് ഹാർദിക് പാണ്ഡ്യയും ജഡേജയുമാണ്.