മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഉൾപ്പെടുമോ…? മലയാളി താരത്തിനെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും ഉൾപ്പെടുത്തുമെന്നുമുള്ള ചർച്ചകൾ നിലവിൽ സജീവമാണ്. ചാന്പ്യൻസ് ട്രോഫിക്കു മുന്‍പായി ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ ഒന്നിച്ചായിരിക്കും പ്രഖ്യാപിക്കുക.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ടീമിൽ സഞ്ജു ഉണ്ടാകുമെന്നത് ഏകദേശം ഉറപ്പാണ്. ഓപ്പണർ റോളിൽ അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു സെഞ്ചുറി നേടിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിൽനിന്നു മാറ്റിനിർത്തുക അസാധ്യമാണ്. ഈ മാസം 22 മുതലാണ് ഇന്ത്യ x ഇംഗ്ലണ്ട് ട്വന്റി-20 പരന്പര.
ഫെബ്രുവരി ആറു മുതൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കും 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനായാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. 2023 ഡിസംബർ 21ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു സഞ്ജുവിന്റെ അവസാന രാജ്യാന്തര ഏകദിനം. പിന്നീട് ഇതുവരെ ദേശീയ ടീമിനായി ഏകദിനത്തിൽ കളിച്ചിട്ടില്ല.
സഞ്ജു, പന്ത്, രാഹുൽ
കെ.എൽ. രാഹുൽ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ബാറ്റർ. ബാക്ക് അപ്പായി ഋഷഭ് പന്ത് ആയിരിക്കുമോ അതോ സഞ്ജു സാംസണ് ഉൾപ്പെടുമോ എന്നതാണ് അറിയേണ്ടത്.
ഇന്ത്യൻ ടീമിന്റെ മുൻ ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിന്റെ അഭിപ്രായം സഞ്ജുവിനെ ഉൾപ്പെടുത്തുകയും പന്തിനെ ഒഴിവാക്കുകയും ചെയ്യണമെന്നാണ്. എന്നാൽ, ആകാശ് ചോപ്രയുടെ അഭിപ്രായം നേരെ മറിച്ചും.
സഞ്ജു മാത്രമല്ല, നിലവിൽ ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഏകദിന ടീമിൽ അനുയോജ്യനല്ലെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. മാത്രമല്ല, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരും ഇന്ത്യയുടെ ഏകദിന ടീമിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
പന്ത് Vs സഞ്ജു
കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പർ സ്ഥാനം ഏകദേശം ഉറപ്പിച്ച സ്ഥിതിക്ക് ബാക്കപ്പ് ആരായിരിക്കും എന്നതാണ് ചോദ്യം. ട്വന്റി-20യിൽ സഞ്ജുവിനെ ഓപ്പണറാക്കിയതുപോലെ ഒരു നീക്കം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നടത്തിയാൽ മലയാളിതാരത്തിനു കോളടിക്കും.
ഗൗതം ഗംഭീറുമായുള്ള അടുപ്പമാണ് സഞ്ജുവിന്റെ തുറുപ്പ്. ഗംഭീർ വിശ്വസിച്ച് ഏൽപ്പിച്ച ട്വന്റി-20 ഓപ്പണർ സ്ഥാനം സഞ്ജു ഗംഭീരമാക്കുകയും ചെയ്തു.
സഞ്ജു 16 ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 510 റണ്‍സ് നേടി. 56.66 ആണ് ശരാശരി. അതേസമയം, ഋഷഭ് പന്ത് 31 ഏകദിനങ്ങളിൽ ഇറങ്ങി.
ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെ 871 റണ്‍സ് സ്വന്തമാക്കി. ശരാശരി 33.50 മാത്രം. സഞ്ജുവിനേക്കാൾ മോശം ശരാശരിയാണ് പന്തിന്റേത് എന്നു ചുരുക്കം. എന്നാൽ, ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽനിന്നു വിട്ടുനിന്നത് സഞ്ജുവിന്റെ വഴി അടയ്ക്കാനും സാധ്യതയുണ്ട്.
ഷമി വരും, ബുംറ ഇല്ല
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനുള്ള തയാറെടുപ്പിലാണ് പേസർ മുഹമ്മദ് ഷമി എന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ മുഹമ്മദ് ഷമി ഉൾപ്പെട്ടേക്കും.
അതേസമയം, ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.
പേസർ അർഷദീപ് സിംഗ് ഏകദിന ടീമിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിനം മാത്രമായിരുന്നു ടീം ഇന്ത്യക്ക് ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയം.
ഇന്ത്യൻ ടീം പ്രഖ്യാപനം
12 ആണ് ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനത്തിന്റെ അവസാന ദിനം. 13ന് ഐസിസി എല്ലാ ടീമുകളെയും ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിന് എതിരായ പരന്പരയ്ക്കും ചാന്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനായി നാളെ ബിസിസിഐ സെലക്ടർമാർ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
സഞ്ജു സാംസൺ
@ ഏകദിനം
മത്സരം: 16
ഇന്നിംഗ്സ്: 14
റണ്‍സ്: 510
100/50: 1/3
ശരാശരി: 56.66
ഋഷഭ് പന്ത്
@ ഏകദിനം
മത്സരം: 31
ഇന്നിംഗ്സ്: 27
റണ്‍സ്: 871
100/50: 1/5
ശരാശരി: 33.50