ദുബായി: രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യക്കു ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായ 15-ാം തവണ. ഇതിൽ 12 എണ്ണവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. മൂന്ന് എണ്ണം കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസിയിലും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല.
ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡിന് ഒപ്പവും രോഹിത് ശർമയെത്തി. വെസ്റ്റ് ഇൻഡീസിന്റെ മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയും തുടർച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനാണ്. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായിരുന്നു ലാറയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസിന്റെ ടോസ് നഷ്ടം. രോഹിത്, ലാറ എന്നിവർക്കു പിന്നിൽ നെതർലൻഡ്സിന്റെ പീറ്റർ ബൊറെനാണ് (11) രണ്ടാം സ്ഥാനത്ത്.
ഒരു ഐസിസി ടൂർണമെന്റിൽ ഒരിക്കൽപ്പോലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുന്നതും ചരിത്രത്തിൽ ആദ്യം. 2025 ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽവരെയായി അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.