ചണ്ഡിഗഡ്: പഞ്ചാബിൽ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം ഇറക്കി പ്രതിഷേധിച്ച് കർഷകർ. കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു സംഭവം.
ഹോഷിയാർപുരിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷൻ സദിന്റെ വീട്ടുമുറ്റത്താണ് ഒരു ട്രോളി ചാണകം ഇറക്കിയത്.
കേന്ദ്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും വീടിനു നേരെ ചാണകം എറിയുകയും ചെയ്തു. സംഭവത്തെ തുടർന്ന് തിക്ഷൻ സദിന്റെ അനുയായികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വീടിനു നേരെ ചാണകം എറിഞ്ഞവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സദ് കുത്തിയിരിപ്പ് സമരം നടത്തി.
പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.