ന്യൂഡൽഹി: ചാണകത്തിൽ കൂടുതൽ ഗവേഷണം നടത്തണമെന്ന് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെയും വെറ്ററിനറി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാലുത്പാദനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പശുക്കൾ ഉത്തർപ്രദേശിൽ വലിയ പ്രശ്നമാണ്. ചാണകത്തിൽനിന്നും മൂത്രത്തിൽനിന്നും വരുമാനം നേടാമെന്ന സ്ഥിതിയുണ്ടായാൽ കർഷകർ പശുക്കളെ ഉപേക്ഷിക്കില്ല. പാൽ, ചാണകം, മൂത്രം എന്നിവയിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഒരുപാടു സാധ്യതകളുണ്ട്.
അത് പ്രയോജനപ്പെടുത്തിയാൽ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണംചെയ്യും- ഗിരിരാജ് സിംഗ് പറഞ്ഞു. ഇത്തരത്തിൽ കണ്ടുപിടിത്തം നടത്തിയാൽ, പശുക്കൾ പാലുത്പാദനം നിർത്തിയാലും കർഷകർക്കു വരുമാനം നിലനിർത്താൻ സഹായിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് കനയ്യകുമാറിനെ പരാജയപ്പെടുത്തി പാർലമെൻറിൽ എത്തിയ നേതാവാണ് ഗിരിരാജ് സിംഗ്.