തൃശൂർ: കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നിയമവുമായി കൃഷി ഓഫീസർ. കൃഷിമന്ത്രിയുടെ നാട്ടിലാണ് സംഭവം. ഓട്ടോമൊബൈൽ എൻജിനീ യറായി പതിനഞ്ചുവർഷത്തോളം ഗൾഫിലും മുംബൈയിലുമൊക്കെ ജോലി ചെയ്തതിനുശേഷം നാട്ടിൽ കൃഷി നടത്താനെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി പി.ജെ.തോമസിനാണ് കൃഷി ഓഫീസറുടെ പൂട്ട്.
നാലു പശുക്കളെയും 30 ആടുകളെയും 200ഓളം കോഴികളെയുംവളർത്തു ന്ന, 400 വാഴ കൃഷി ചെയ്തിട്ടുള്ള തോമസിന്റെ വീട്ടിൽ ചെന്നാണ് ചാണകം വിൽക്കുന്നതിനു ലൈസൻസില്ലെങ്കിൽ കേസെടുക്കുമെന്നു പറഞ്ഞ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ അനൂപ് വിജയൻ നോട്ടീസ് നൽകിയിരിക്കുന്നതെന്നു പി.ജെ.തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തളിക്കുളം പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകൻ, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകൻ, യുവ കർഷകൻ, ഏറ്റവും നല്ല ക്ഷീര കർഷകൻ, ഗാന്ധിഫൗണ്ടേഷന്റെ മാതൃകാ കർഷകൻ എന്നിങ്ങനെ ഏറെ അവാർഡുകൾ വാങ്ങിയിട്ടുള്ളയാളാണ് തോമസ്.
ജൈവവളം വിൽക്കാൻ പാടില്ലെന്നാണ് കൃഷി ഓഫീസറുടെ നിലപാട്. കൃഷി ഓഫീസറുടെ കൂടെ തളിക്കുളം ബ്ലോക്ക് എഡിയും ചേർന്നാണ് കൃഷി സ്ഥലത്തുവന്ന് പരിശോധന നടത്തിയത്. കൃഷിക്കാവശ്യമായി ശേഖരിച്ചിട്ടുള്ള വളങ്ങളും കീടനാശിനികളും പരിശോധിച്ചു. വളർത്തുമൃഗങ്ങളുടെ ചാണകവും കാഷ്ടവും മറ്റു ജൈവവളങ്ങളും മരുന്നുകളും ശേഖരത്തിലുണ്ടായിരുന്നു.
എന്നാൽ കൃഷി ഓഫീസറുടെ അനുവാദമില്ലാതെ ഒരുവിധ വളങ്ങളും സൂക്ഷിക്കാൻ പാടില്ലെന്നാണ് ശാസന പുറപ്പെടുവിച്ചിരിക്കുന്നത്. കൃഷിവകുപ്പ് നിരോധിച്ചിട്ടുള്ള ഒരു വളവും കീടനാശിനികളും ഉപയോഗിക്കാറില്ലെന്നു തോ മസ് പറഞ്ഞു. വളം വിൽക്കുന്നില്ല. ആവശ്യമായ വളം ഹരിതസേനയിലെ കൃഷിക്കാർ ഒരുമിച്ച് ഗ്രീൻലാൻഡ്, വലപ്പാട്, കാവേരി എന്നീ അംഗീകൃത ഡീലർമാരിൽനിന്നും മൊത്തമായെടുത്തു പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്.
ലോറിവാടക കുറയുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നു തോമസ് വിശദീകരിച്ചു. രാസവളങ്ങൾ ഏങ്ങണ്ടിയൂർ സഹകരണ ബാങ്കിൽ നിന്നുമാണ് എടുക്കുന്നത്. കർമസേന രൂപീകരണത്തിൽ വിയോജിപ്പ് പറഞ്ഞതാണ് കൃഷി ഓഫീസറുടെ പ്രതികാരത്തിനു കാരണമെന്നാണ് തോമസിന്റെ അഭിപ്രായം.
പദ്ധതിയിൽ അനുവദിച്ച 5,25, 000 രൂപയും ഏകദേശം ആയിരം കർഷകരിൽനിന്നും 150 രൂപ വീതം ശേഖരിച്ച വരിസംഖ്യയും സമാഹരിച്ച് സമിതി രജിസ്റ്റർ ചെയ്തതിനുശേഷം രണ്ടുവർഷമായി ഒരു പൊതുയോഗം പോലും വിളിച്ചിട്ടില്ല. കർഷകർക്കു വാടകയ്ക്കു നൽകാനെന്ന പേരിൽ വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ ഉദ്ഘാടനത്തിനുശേഷം തുരുന്പെടുത്തു നശിക്കുന്നതു ചൂണ്ടിക്കാട്ടിയതും, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഒരു കൃഷിയിടവും സന്ദർശിക്കാത്ത കൃഷി ഓഫീസറെ വിമർശിച്ചതും വൈരാഗ്യത്തിനു കാരണമായിട്ടുണ്ടാകുമെന്ന് തോമസ് പറഞ്ഞു.
കൃഷി ഓഫീസർ നൽകിയ നോട്ടീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു തോമസ് വ്യക്തമാക്കി. സുഹൃത്തും കർ ഷകനും കൂടിയായ പോൾ റാഫേലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.