പയ്യന്നൂര്‍: സ്വകാര്യ ടിവി ചാനലില്‍ മണിപ്പുരില്‍ നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കോറോം നാടിനെയും സിപിഎമ്മിനെയും അപമാനിച്ചുവെന്നും ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വൈരാഗ്യവും സൃഷ്ടിക്കാനുള്ള ദുരുദ്ദേശ്യത്തോടെ സംസാരിച്ചെന്നുമുള്ള പരാതിയില്‍ പോലീസ് കേസെടുത്തു.
സിപിഎം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പുവിന്റെ പരാതിയിലാണ് ബിജെപി നേതാവ് ടി.പി. ജയചന്ദ്രനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
“പയ്യന്നൂര്‍ കോറോത്ത് മുന്നൂറിലധികം സിപിഎം ഗുണ്ടകള്‍ ചേര്‍ന്ന് രണ്ട് ദളിത് സ്ത്രീകളെ (പേര് പറയുന്നു) ലൈംഗികമായി ആക്രമിച്ചു, ശാരീരികമായി ഉപദ്രവിച്ചു, അഭയാര്‍ഥി ക്യാമ്പുകളില്‍ മാസങ്ങളോളം കഴിയേണ്ടി വന്നുവെന്ന പ്രസ്താവനയായിരുന്നു കഴിഞ്ഞ 18ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ജയചന്ദ്രനുയര്ത്തിയത്.
ഇങ്ങനെയൊരു സംഭവം കോറോം പ്രദേശത്ത് നാളിതുവരെ നടക്കാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതും കേട്ടുകേള്‍വി പോലും ഇല്ലാത്തതുമാണെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന് ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അക്രമിച്ചുവെന്ന പ്രസ്താവന പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വൈരാഗ്യവും സൃഷ്ടിക്കുന്നതോടൊപ്പം സിപിഎമ്മിനെതിരേ ദുരുദ്ദേശത്തോടെയുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പരാതിക്കാരനില്‍നിന്നു മൊഴി രേഖപ്പെടുത്തിയശേഷമാണ് ടി.പി. ജയചന്ദ്രനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.