ചെറുതോണി: ഏഴുവർഷത്തെ അന്വേഷണത്തിനൊടുവിൽ മകൻ അച്ഛനെ കണ്ടെത്തി. തോപ്രാംകുടി അസീസി സ്നേഹസദനിൽ കഴിയുന്ന ചന്ദ്രബാനു (45) മഹാരാഷ്ട്രയിൽനിന്നും വീടുവിട്ട് എത്തിയതാണ്.
ചന്ദ്രബാനുവിനെ മകൻ രോഹിത്ത് അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പോലീസാണ് മൂന്നുവർഷം മുൻപ് തോപ്രാംകുടി സ്നേഹസദനിൽ എത്തിച്ചത്.
പിതാവിനെ കാണാതായപ്പോൾ മഹാരാഷ്ട്രയിലെ പോലീസ് സ്റ്റേഷനിൽ മകൻ പരാതിയോടൊപ്പം ഫോട്ടോയും നൽകിയിരുന്നു.
അടുത്ത കാലത്ത് വീണ്ടും മഹാരാഷ്ട്ര പോലീസ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാർ സ്റ്റേഷനിൽനിന്നും ചന്ദ്രബാനുവിന്റെ ഫോട്ടോ കിട്ടിയത.്
തുടർന്ന് മഹാരാഷ്ട്ര പോലീസ് മകനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കാണാതാകുന്പോൾ മകന് 13 വയസായിരുന്നു പ്രായം.
അന്നുമുതൽ അച്ഛന്റെ ഫോട്ടോ എപ്പോഴും കൂടെ കൊണ്ടുനടക്കുകയായിരുന്നു. തോപ്രാംകുടി സ്നേഹസദനിൽ ഏഴുവർഷത്തിനു ശേഷമുള്ള അച്ഛന്റെയും മകന്റെയും കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു.
ഒറ്റനോട്ടത്തിൽതന്നെ ആ പിതാവ് മകനെ തിരിച്ചറിഞ്ഞ് കെട്ടിപ്പുണർന്നു. പിതാവിനെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു സുഹൃത്തുക്കളുമൊത്താണ് രോഹിത് ബാനു എത്തിയത്.
വീട്ടിൽ അമ്മയും ഇളയ സഹോദരിയും പിതാവിനെ കാണാൻ കാത്തിരിക്കുകയാണന്ന് രോഹിത് ബാനു പറഞ്ഞു.
മൂന്നുവർഷമായി സ്നേഹസദനിൽ കഴിഞ്ഞ ചന്ദ്രബാനുവിന് സിസ്റ്റേഴ്സും ഇരുപതോളം വരുന്ന അന്തേവാസികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി യാത്രയാക്കി.