തളിപ്പറമ്പ്: തേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)…. ഇങ്ങനെ നീണ്ടുപോകുന്നു കരിമ്പം ജില്ലാ കൃഷിഫാമില്‍ വില്‍പ്പനയ്ക്ക് വച്ച ചക്കകളുടെ പേരുകള്‍.
കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഫാമിലെ വെറൈറ്റികളാണ് ഇവയെന്ന്. രുചിയിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമെല്ലാം ഇവയ്ക്ക് വ്യത്യാസമുണ്ട്.
കാലങ്ങളായി ഫാമിലെ തോട്ടത്തിലുള്ള വിവിധയിനം ചക്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയത്.
സീസണില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ടണ്‍ ചക്കയാണ് ഇവിടെ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് വെറും 10 രൂപ നിരക്കില്‍ പച്ചയും പഴുത്തതുമായ ചക്കകളാണ് ഇവിടെ വില്‍പ്പന നടത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കരിമ്പം ഫാമില്‍ ഇത്തവണ റിക്കാര്‍ഡ് വില്‍പ്പനയാണ് നടന്നത്.
വിഷുവിന്റെ സമയത്താണ് ഇവിടെ ചക്ക വില്‍പ്പന തകൃതിയായി നടന്നത്. കണി വയ്ക്കാനും മറ്റുമായി നിരവധിയാളുകളാണ് ഫാമിലെത്തി ചക്കകള്‍ വാങ്ങിയത്.
അമ്പതിലധികം വെറൈറ്റികളും ഇരുന്നൂറിലധികം പ്ലാവുകളുമാണ് ഫാമിലുള്ളത്. ഇവ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ വില്‍പ്പനയും നടത്താറുണ്ട്.
ഹണി ഡ്യൂ, ജാക്ക് റോസ്, ഡെങ് സൂര്യ, ജെജെ 33, വിയറ്റ്നാം ഏര്‍ളി, പത്താം മുട്ടം, സിങ്കപ്പൂര്‍ ജാക്ക് തുടങ്ങിയ ഇനങ്ങളും ഫാമില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.
ഒരുപ്രാവശ്യം ഫാമിലെ ചക്കയുടെ രുചിയും ഗുണവുമറിഞ്ഞാല് പിന്നെ അവരൊരിക്കലും പിന്നീട് ഫാമില്‍ നിന്നും ചക്ക വാങ്ങാതെ പോകില്ല.
തികച്ചും ജൈവരീതിതിലാണ് ഫാമിലെ മുഴുവന്‍ കൃഷിയും. അതിനാല്‍ തന്നെ ചക്കകള്‍ പറിച്ചുവച്ച് പഴുപ്പിക്കാതെ മൂപ്പെത്തിയ ചക്കകള്‍ വൃക്ഷത്തില്‍ നിന്നും താഴെ വീഴാതെ പറിച്ചെടുത്താണ് വില്‍പ്പന. നിലം തൊടാതെ പറിക്കുന്ന ചക്കപ്പഴത്തിന് രുചികൂടും എന്നാണല്ലോ…