മൂന്നാർ: ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയുവാനുള്ള സംവിധാനങ്ങളിൽനിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ മൂന്നാറിലെ അന്തോണിയാർ കോളനിയിലുള്ള മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
2005 ജൂലൈ 24-ന് രാത്രി ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ മണ്ണുവീണ് അന്തോണിയാർ കോളനി നിവാസികളായ ആറുപേർ മരിച്ച വാർഷിക ദിനത്തിൽ തന്നെയാണ് വീണ്ടും അപായ സൂചന ലഭിച്ചത്.
വിവരം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ അറിയിച്ചതിനെതുടർന്ന് സർക്കാറിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടെനിന്നും കുടുംബങ്ങളെ ഒഴിപ്പിച്ചു.
മൂന്നാർ വില്ലേജ് ഓഫീസർ കെ.വി. ജോണ്‍സന്റെ നേതൃത്വത്തിൽ മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചു. ഒഴിപ്പിച്ചവരെ മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലേക്കാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.
അഗ്നിശമന സേനാ, പോലീസ്, തദ്ദേശ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
2005-ലെ ദുരന്തത്തിനുശേഷം അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു ഏർലി വാർണിംഗ് സിസ്റ്റം എന്ന ദുരന്തസൂചനാ മാപിനി സ്ഥാപിച്ചത്.
വിദേശ രാജ്യങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം നൂറുകണക്കിന് ജിയോളജിക്കൽ സെൻസറുകളും 10 വയർലെസ് സെൻസർ നോഡ്സ് വഴിയുമാണ് പ്രവർത്തിക്കുന്നത്.