കോട്ടയം: നഗരമധ്യത്തിൽ വാടകവീട്ടിൽ നടന്ന ഗുണ്ടാ ആക്രമണത്തിനു പിന്നിൽ 10 അംഗ ക്വട്ടേഷൻ സംഘമെന്ന് പോലീസിനു സൂചന ലഭിച്ചു.
വാടകവീട്ടിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവിനെ ആക്രമിക്കാനായിട്ടാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘം അക്രമത്തിനെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.
പ്രതികളെല്ലാം ഒളിവിലാണ്. ഇവരിൽ ചിലരെ പോലീസ് നിരീക്ഷണത്തിലാക്കിയതായും സൂചനയുണ്ട്. അനാശ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു കോട്ടയം ചന്തക്കടവിലെ വടശേരിൽ ലോഡ്ജിനു സമീപത്തെ വാടക വീട്ടിലായിരുന്നു ആക്രമണം. വീട്ടിൽ താമസിച്ചു വന്നത് മൂന്നു യുവാക്കളും ഒരു യുവതി യുമാണ്.
ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ എന്നിവർക്കാണു പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാലിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവർക്ക് അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ നടക്കുകയാണ്. അതിനാൽ ഇവരിൽ നിന്നും കൃത്യമായ മൊഴിയെടുക്കാൻ പോലീസിനു സാധിച്ചിട്ടില്ല.
വാടക വീട്ടിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിനിയായ യുവതിയും ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. നഗരത്തിൽ പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന യുവാക്കളായിരുന്നു മൂവരും.
താമസക്കാർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായിട്ടാണ് യുവതി താമസിച്ചിരുന്നത്.
പോലീസിനോട് സഹകരിക്കുന്നില്ല
ആക്രമണത്തിൽ പരിക്കേറ്റവർ പോലീസിനോടു കാര്യമായി സഹകരിക്കുന്നില്ല. സംഭവത്തെ നിസാരവത്കരിക്കുന്ന രീതിയിലാണ് അവർ സംസാരിക്കുന്നത്.
ചന്തക്കടവിനു സമീപം ബൈക്കും കാറും നിർത്തിയിട്ടശേഷം വാടക വീട്ടിലേക്ക് ഗുണ്ടാ സംഘം നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
രാത്രിയായതിനാലും വെളിച്ചത്തിന്റെ പ്രശ്നം മൂലവും കാമറയിൽ സംഘാംഗങ്ങളുടെ മുഖം വ്യക്തമായിട്ടില്ല. ഇവർ എത്തിയ വാഹനങ്ങളും കാമറയിൽ കാണാമെങ്കിലും നന്പർ വ്യക്തമല്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സമീപത്തുളള മറ്റ് കാമറകൾ പരിശോധിക്കുന്നുണ്ട്.
മിന്നൽ ആക്രമണം മൂന്നു മിനിട്ട്
ബൈക്കിലും കാറിലുമെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. മൂന്നു മിനിട്ടിനുള്ളിൽ കൃത്യം നിർവഹിച്ച സംഘം സുരക്ഷിതമായി മടങ്ങുകയായിരുന്നു.
ഇടുങ്ങിയ വഴി സൗകര്യമൊരുക്കി
ആക്രമണം നടന്ന ചന്തക്കടവിലെ വടശേരിൽ ലോഡ്ജിനു സമീപമുള്ള വാടക വീട്ടിലേക്ക് ഇടുങ്ങിയ വഴിയിലൂടെയാണ് എത്തുന്നത്. വാടകവീടിനു സമീപം ലോഡ്ജാണുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായും താമസിക്കുന്ന ഇവിടെ ലോക്ഡൗണ്‍ കാലമായതിനാൽ ആളുകൾ കുറവായിരുന്നു. മൂന്നു മിനിട്ടിലെ മിന്നൽ ആക്രമണം അതിനാൽ ആരും അറിഞ്ഞിരുന്നില്ല.
രാത്രി കാലത്തും മറ്റും ഇവിടെ വാഹനങ്ങളിൽ ആളുകൾ വന്നു പോകുന്നതായി സമീപത്തുള്ളവർ പോലീസിനു വിവരം നൽകിയിട്ടുണ്ട്. എന്നാൽ നഗരമധ്യത്തിലെ ഒഴിഞ്ഞ പ്രദേശത്ത് പെണ്‍വാണിഭം നടക്കുന്നതായി ആരും സംശയിച്ചിരുന്നില്ല.
പെൺവാണിഭ സംഘം
വാടകവീട്ടിൽ പാചകത്തിനെത്തിയ യുവതിയെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും സംഘം വൻ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണിയാണെന്നു പോലീസിനു സൂചന ലഭിച്ചു.
എന്നാൽ വഴി തെറ്റിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ മൊഴികളാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഷിനുവിൽ നിന്നും യുവതിയിൽ നിന്നും പോലീസിനു ലഭിച്ചത്. ഇവർ കാര്യമായി അന്വേഷണത്തോട് സഹകരിക്കുന്നുമില്ല.
ഭർത്താവിന്റെ അനുമതിയോടെ ജോലിക്കായി എത്തിയിരുന്നതാണെന്നാണു യുവതി പോലീസിനോടു പറഞ്ഞത്. വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ കാമറയും കാമറ സ്റ്റാൻഡും നിരവധി ഗർഭ നിരോധന ഉറകളും കണ്ടെത്തി.
അനാശാസ്യ പ്രവർത്തനങ്ങളും അനാശ്യാസത്തിനെത്തുന്ന സ്ത്രീകളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്ര നിർമാണവും നടന്നിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
നീലച്ചിത്ര നിർമാണവും
ഷിനുവിനു പത്തനംതിട്ടയിൽ നിരവധി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. പരിക്കേറ്റ സാൻ ജോസ്, അമീർ ഖാൻ എന്നിവരുമായി ചേർന്ന് പ്ലംബിഗ് ജോലികൾ നടത്തുന്നു എന്ന പേരിലായിരുന്നു വീട് വാടകയ്ക്ക് എടുത്തിരുന്നത്.
എന്നാൽ ഇവർ ഇവിടെ സ്ത്രീകളെ എത്തിച്ച് അനാശാസ്യ പ്രവർത്തനങ്ങളും നീലച്ചിത്ര നിർമാണവുമായിരുന്നു നടന്നിരുന്നതെന്ന് ഷിനുവിനെ ചോദ്യം ചെയ്തതിലൂടെ പോലീസിനു ലഭിച്ചു.
ഷിനുവിന്റെ മുൻ ഭാര്യമാരെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശികളായ രണ്ടു സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തു. പത്തനംതിട്ടയിലും അനാശാസ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു ഇക്കൂട്ടർ.
ഏപ്രിൽ മാസത്തിലാണ് ചന്തക്കടവിൽ വീട് വാടകയ്ക്ക് എടുത്തിരുന്നത്.ഷിനുവിന്റെയും പാചകക്കാരി സ്ത്രീയുടെയും മൊബൈൽ ഫോണ്‍ പരിശോധിച്ചതിലൂടെ നിരവധി ഫോണ്‍ കോളുകൾ പോലീസ് നിരീക്ഷണത്തിലാക്കി.
ഫോണിൽ നിന്നും നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തിച്ച സ്ത്രീകളെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതായാണ് പോലീസിനു ലഭിച്ച വിവരം. സംസ്ഥാനത്തെ വിവിധ പെണ്‍വാണിഭ സംഘങ്ങളുമായി സംഘത്തിനു ബന്ധമുള്ളതായും സൂചന ലഭിച്ചു.