പാറശാല: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം എട്ടുകിലോ ചന്ദനം പിടികൂടി. കളിയിക്കാവിളയ്ക്കു സമീപം നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന എട്ടു കിലോ ചന്ദനം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു കീഴെമൂലച്ചല് ചിനപ്പാറ വീട്ടില്‍ മര്യദാസ് എന്ന് അറിയപ്പെടുന്ന മര്യാര്‍പ്പുതം (43)നെ എക്സൈസ് സംഘം പിടികൂടി.നഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ബസിലാണ് ചന്ദനം കടത്തികൊണ്ടുവന്നത്.
ചന്ദനത്തടി കഷണങ്ങളാക്കി ബാഗിനുള്ളില്‍ കടത്തുകയായിരുന്നു. ചന്ദനം വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. ഇന്നലെ വൈകുന്നേരം നെയ്യാറ്റിന്‍കര എക്സൈസ് സിഐ വൈ.ഷിബുവിന്റെ നേതൃത്വത്തില്‍ അമരവിള, തിരുപുറം, നെയ്യാറ്റിന്‍കര, കാട്ടാക്കട എക്സൈസ് റേഞ്ചുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും മുപ്പത് ഗ്രാം കഞ്ചാവുമായി പനച്ചമൂട് സ്വദേശി ബിനു (23)വും പിടിയിലായി. പുകയില കടത്തിയ കുറ്റത്തിന് 30 കേസുകൾ രജിസ്റ്റർ ചെയ്തു. റെയ്ഡിൽ ഇൻസ്പെക്ടർമാരായ സ്വരൂപ്, വിജയകുമാർ, അജീഷ്, വിജയൻ തുടങ്ങിയ നാൽപ്പതി ലധികം എക്സൈസ് ഉദ്യോഗ സ്ഥർ പങ്കെടുത്തു.