ചെങ്ങന്നൂർ: ട്രെയിനിൽ നിന്നു കണ്ടെത്തിയ 30 കിലോഗ്രാം ചന്ദനമുട്ടികൾ വനംവകുപ്പിന് കൈമാറി. ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് കന്യാകുമാരി-മുംബൈ ജയന്തിജനത എക്സ്പ്രസ് ട്രെയിനിലെ കന്പാർട്ടുമെന്റിൽ കണ്ട ബാഗിൽ നിന്നും ലഭിച്ചത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. പാൻമസാല എക്സൈസ് അധികൃതർക്കും കൈമാറിയിട്ടുണ്ട്.
ചെങ്ങന്നൂരിലെ ആർപിഎഫ് സംഘം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത രണ്ട് എയർ ബാഗുകളിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്. 30കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ ഒരടി നീളമുള്ള ചെറുകഷണങ്ങളാക്കി ബാഗിൽ മുറിച്ചുവച്ച നിലയിലായിരുന്നു.
70,000 ൽ അധികം രൂപ വില വരുന്ന 1,440 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഒരു ബാഗിൽ നിന്നും കണ്ടെത്തിയത്. 6382-ാം നന്പർ കന്യാകുമാരി മുംബൈ ജയന്തി ജനതാ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ നിന്നും വിട്ടശേഷം നടത്തിയ പരിശോധനയിൽ ട്രെയിനിന്റെ മുന്‍പിലത്തെ ജനറൽ കംപാർട്ട്മെന്റിലാണ് ഇത് കണ്ടത്.
ചെങ്ങന്നൂർ (ആർപിഎഫ്) സിഐ ആർ.എസ്. രാജേഷ്, എസ്ഐമാരായ ഗോപകുമാർ, രാധാകൃഷ്ണൻ, കോണ്‍സ്റ്റബിൾ അനന്തകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. സംഭവം സംബന്ധിച്ച് ആർപിഎഫ് വിശദമായ അന്വേഷണം ആരംഭിച്ചു.