അഗളി: ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ മരപ്പാലം സെക്ഷനിൽ വാഹന പരിശോധനക്കിടെ ഇരുപതു കിലോ ചന്ദനംസഹിതം അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു.
രണ്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു. ചന്ദനക്കടത്തിന് ഉപയോഗിച്ച കാറും ബൈക്കും പിടിച്ചെടുത്തു.പട്ടാന്പി കൊപ്പം ചെറുകോട് കുൽമുഖംതൊടി വീട്ടിൽ ഷിഹാബുദീൻ (25), വല്ലപ്പുഴ ചെറുകോട് എടന്പലം കുന്നിൽ സാദിഖ് അലി (25), ഷോളയൂർ കീരിപ്പതിഊരിൽ പ്രവീണ്‍കുമാർ (21), കീരിപ്പതി ഊരിലെ കാളിദാസൻ (22), കോട്ടത്തറ മാറ്റത്തുകാട് പുളിയപ്പതിയിൽ ഭദ്രൻ (63) എന്നിവരാണ് പിടിയിലായത്.
മരപ്പാലം കന്പി ഗേറ്റ് വനപ്രദേശത്തുനിന്നു ചെത്തി ഒരുക്കിയ ചന്ദനക്കാതലുമായി എത്തിയ പ്രതികളെ പുലർച്ചെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ 30ന് നടത്തിയ തെരച്ചിലിൽ വനപാലകർ പിടികൂടി റിമാൻഡ് ചെയ്തിരുന്ന മൂന്നു പ്രതികൾ ജാമ്യത്തിലിറങ്ങി ഈ കേസിലും ഉൾപ്പെട്ടിട്ടുള്ളതായി വനപാലകർ അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മരപ്പാലം ഭാഗത്തുനിന്നു ചന്ദനം കടത്തിയ കേസിൽ 12 പേരെ അറസ്റ്റ് ചെയ്തതായി വനപാലകർ അറിയിച്ചു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അഗളി റേഞ്ച് ഓഫീസർ ബിജു, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയചന്ദ്രൻ, മരപ്പാലം എസ്എഫ്ഒ വൈ. ഫെലിക്സ്, ബിഎഫ്ഒമാരായ എൻ. തോമസ്, ജയേഷ് സ്റ്റീഫൻ, ആർഎഫ്ഡബ്ലിയുമാരായ അൻപരസി, രങ്കമ്മാൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.