കണ്ണൂർ: എടക്കാട് പോലീസ് തോട്ടടയിൽ വാഹന പരിശോധന നടത്തിവരുന്നതിനിടെ 142 കിലോ ചന്ദനം പിടികൂടി. ചന്ദനവുമായി വന്ന അഞ്ചംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
കാസർഗോഡ് സ്വദേശി പി. സിരൺ (24), തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ(24) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശികളായ ഷാഫി, മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.
വാഹനത്തിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറും കണ്ടെത്തി. തോട്ടട ചിമ്മിണിയൻവളവിൽ ഇന്നലെ വൈകുന്നേരം എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശാനുസരണം എടക്കാട് സിഐ സത്യനാഥിന്റെയും എസ്ഐ ഹാരിഷ് വാഴയിലിന്റെയും നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവെയാണ് അഞ്ചംഗസംഘത്തിലെ രണ്ട് പേർ പിടിയിലായത്.
ഡോക്ടറുടെ ലോഗോ പതിച്ച കെഎൽ 13 എജി 5038 ഇന്നോവ കാറിൽ 17 കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലാണ് 142 കിലോ ചന്ദനം പിടികൂടിയത്.
തൃശൂരിൽ നിന്നും കാസർഗോട്ടേക്ക് കടത്തുകയായിരുന്ന ചന്ദനമായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ ചന്ദനക്കടത്തിലെ മുഖ്യ സൂത്രധാരൻമാരാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ എൻ.ദിജേഷ്, എഎസ്ഐ മിനി ഉമേഷ്, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ. സീന, വി.പി. ഷമീം എന്നിവരും ഉണ്ടായിരുന്നു.
എടക്കാട് പോലീസ് എഎസ്ഐ സുജിത്ത് കുറുവയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.
ചന്ദനം കൊണ്ടുപോയത് ആന്ധ്രയിലേക്ക്
പകൽ സമയത്ത് ചന്ദനം നോക്കി വെച്ച് രാത്രിയെത്തി കട്ടറുപയോഗിച്ച് മുറിക്കും. തുടർന്ന് ആവശ്യാനുസരണം കടത്തലാണ് സംഘത്തിന്റെ രീതി.
ഇന്നലെ പിടികൂടിയ ചന്ദനം തൃശൂരിൽ നിന്നും കാസർഗോഡിലേക്ക് കൊണ്ടുപോയതാണെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കാസർഗോഡു നിന്ന് ചന്ദനം കൈമാറാനായിരുന്നു പദ്ധതി.
ആന്ധ്രയിലേക്ക് കടത്താൻ കാസർഗോഡുള്ള ചന്ദന മാഫിയയ്ക്ക് കൈമാറും. അവിടെ നിന്ന് വേറെ സംഘം ആന്ധ്രയിലേക്ക് കൊണ്ടുപോകും.
കാസർഗോഡ് ചന്ദന മാഫിയയ്ക്ക് മരം സുരക്ഷിതമായി എത്തിച്ചാൽ ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
വനമേഖലയിൽ നിന്നാണ് ഇവർ കൂടുതലായും മോഷണം നടത്തുന്നതെന്നാണ് പോലീസ് നിഗമനം. മുഖ്യ സൂത്രധാരൻമാരാണ് ഓടി രക്ഷപെട്ടതെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഇവർക്ക് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.