ചെങ്ങന്നൂർ: കൊല്ലകടവ് മുസ്ലിം ജമാഅത്തിന്റെ പൈതൃക സ്വത്തായ ചന്ദനക്കുടം കളവുപോയ കേസിലെ പ്രതികളെ പിടികൂടണമെന്ന് പൈതൃക സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
250 വർഷത്തിനു മുകളിൽ പഴക്കമുള്ളതും പഞ്ചലോഹ നിർമിതവുമായ അമൂല്യമായ ചന്ദനക്കുടം നഷ്ടപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി ആറിനാണ് പള്ളി സെക്രട്ടറി വിശ്വാസികളെ അറിയിച്ചിരുന്നത്. അതേത്തുടർന്ന് ജനുവരി 12 നു പള്ളിയിൽനിന്നു വെൺമണി പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, അന്വേഷണം മന്ദഗതിയിലായിരുന്നു. പൈതൃക സംരക്ഷണസമിതി അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ് എന്നിവരെ സമീപിച്ചതിനെത്തുടർന്ന് ജൂലൈ അഞ്ചിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സെപ്റ്റംബർ 23 നു പള്ളി പരിസരത്തെ കാടുവെട്ടിത്തെളിച്ചപ്പോൾ ചന്ദനക്കുടം കണ്ടെത്തി. ഇതിൽ ദുരൂഹതകളുണ്ടെന്നു പൈതൃക സമിതി ആരോപിച്ചു. നല്ല മഴക്കാലമായിരുന്നിട്ടു കൂടി കുടത്തിൽ ഒരു തരി മണ്ണുപോലും പറ്റിപ്പിടിച്ചിരുന്നില്ല.
തുടരന്വേഷണത്തിൽ പോലീസ് ഉൽസാഹം കാണിക്കുന്നില്ലെന്നു പൈതൃക സമിതി ആരോപിച്ചു.കുറ്റക്കാരെ കണ്ടെത്തുവാൻ പോലീസിനു കഴിഞ്ഞില്ലെങ്കിൽ അന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കണമെന്നു ചെയർമാൻ കമറുദ്ദീൻപിള്ള, വൈസ് ചെയർമാൻ ഷാജഹാൻ വലിയ വീട്ടിൽ, കൺവിനർ ഇൻചാർജ് റിയാസ് പിടികയിൽ, ജോയിന്റ് കൺവീനർ മാഹിൻ എന്നിവർ ആവശ്യപ്പെട്ടു.