കാസര്‍ഗോഡ്: ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന്റെ തൊട്ടടുത്ത വീട്ടില്‍ നിന്നും രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനക്കട്ടികള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
തൊട്ടടുത്ത വീട്ടില്‍ വാഹനം വന്നു നില്‍ക്കുന്നതിന്റെയും സാധനങ്ങള്‍ കയറ്റുന്നതിന്റെയും ശബ്ദം കേട്ട് കളക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ ശ്രീജിത്തും ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് ചന്ദനക്കടത്ത് കണ്ണില്‍ പെട്ടത്.
അപ്പോള്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ചന്ദനക്കട്ടികള്‍ കയറ്റുകയായിരുന്നു. ഇവരെ കണ്ടതോടെ ചന്ദനക്കടത്തുകാര് പലവഴിക്കായി ഓടിപ്പോയി.
തുടര്‍ന്ന് കളക്ടറെ വിവരമറിയിച്ച് പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 30 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒരു ടണ്ണോളം ചന്ദനം കണ്ടെത്തിയത്.
വീടിന്റെ പിന്നില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ചന്ദനക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. വീട്ടുടമ നായന്മാര്മൂലയിലെ അബ്ദുല്‍ ഖാദറി (58) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ചന്ദനക്കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.