തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാനും വനം വകുപ്പ് മുഖേന വില്പന നടത്താനും ഉടമകൾക്ക് അവകാശം നൽകിക്കൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
നിലവിൽ സ്വകാര്യഭൂമിയിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വെട്ടി വില്പന നടത്താൻ വ്യവസ്ഥയില്ല. മാത്രവുമല്ല സ്വകാര്യഭൂമിയിലെ ചന്ദനമരം മോഷണം പോകുന്പോൾ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുന്ന സാഹചര്യവുമായിരുന്നു.
ഈ അവസ്ഥ മാറ്റി ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകൾക്ക് വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
എന്നാൽ പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വില്പന നടത്താൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യു നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
വനകുറ്റങ്ങൾ തീർപ്പാക്കുന്നതിൽ ഇപ്പോൾ വ്യക്തമായ നിയമവ്യവസ്ഥകളില്ല. ഉദ്യോഗസ്ഥനു യുക്തമെന്നു തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കിൽ കുറ്റം തീർപ്പാക്കാം എന്നതിനു പകരം പിഴത്തുകയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം തീർപ്പാക്കാൻ ബില്ലിലെ ഭേദഗതി നിർദേശിക്കുന്നു.
കോടതി നടപടികൾ ആരംഭിച്ച കേസുകളിൽ കോടതിയുടെ അനുമതിയോടെ തീർപ്പാക്കുന്നതിനും വ്യവസ്ഥ ചേർത്തിട്ടുണ്ട്. അഴിമതിക്കുള്ള സാധ്യത കുറയ്ക്കാൻ ഈ ദേദഗതി സഹായകമാണ്.
വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്തും മറ്റ്വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കൽ എന്നിവ തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നു. വനം ഉത്പന്നങ്ങൾ കൈവശം വയ്ക്കുന്നവർക്ക് അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
വർഷങ്ങൾക്കു മുൻപ് നിലവിൽ വന്ന പിഴത്തുകകൾ വർധിപ്പിക്കുന്നതിനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടെ ക്രിമിനൽ നടപടി നിയമപ്രകാരം സുതാര്യമാക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിയമസഭ പാസാക്കിയാൽ ഉടൻ നിയമം പ്രാബല്യത്തിൽ വരും. ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കുന്നതിന് ജില്ലകളിൽ ചന്ദന ഡിപ്പോകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ മറയൂരിൽ മാത്രമാണ് ചന്ദനം സൂക്ഷിക്കുന്നതിനുള്ള ഡിപ്പോ നിലവിലുള്ളത്.