കൊല്ലം: തെന്മല വനം ഡിവിഷനിൽ ചന്ദനമരങ്ങൾ മോഷണം പോകുന്നത് പതിവായിട്ടും കൂടുതൽ വനപാലകരെ നിയമിക്കുവാൻ നടപടികളില്ലെന്ന് ആക്ഷേപം. വനം മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ആവിശ്യത്തിന് ജീവനക്കാരില്ലാത്തത്. കഴിഞ്ഞ ദിവസം ഇവിടെ മുന്നിടത്താണ് ചന്ദനമോഷണം നടന്നത്.
ആര്യങ്കാവ് റെയിഞ്ചിലെ കടമാൻപാറ, തെന്മല, ഒറ്റക്കൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇതിൽ കടമാൻപാറയിലെ പ്രതികളെ ചെങ്കോട്ട പോലീസ് വാഹന പരിശോധനക്കിടയിലാണ് പിടികൂടിയത്.ഇവിടെ നടക്കുന്ന പല ചന്ദനമോഷണങ്ങളും പുറം ലോകമറിയുന്നത് പ്രതികൾ മറ്റ് പലയിടത്തും പിടിയിലാകുന്നതോടെയാണ്.
മോഷണം നിത്യസംഭവമാകുന്നത് മേഖലയിൽ വനം വകുപ്പിന് വേണ്ടത്ര സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാലാണ്.നിലവിലുള്ള വനം റെയ്ഞ്ച് ഓഫീസർ സ്ഥലം മാറിപ്പോയി ദിവസങ്ങളായിട്ടും പുതിയ റെയ്ഞ്ച് ഓഫീസറെ നിയമിക്കുവാൻ വനം മന്ത്രിയുടെ മണ്ഡലത്തിൽ പോലും കാലതാമസം നേരിടുന്നതിനിടെയാണ് ചന്ദനമോഷണം.
കേരളത്തിൽ മറയൂർ മേഖലകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ ഉള്ള സ്ഥലമാണ് തെന്മല ഡിവിഷനിലെ ആര്യങ്കാവ് റെയ്ഞ്ചിലെ കടമാൻപാറ സെക്ഷൻ .താത്ക്കാലിക ജീവനക്കാരുടെ ഒത്താശയില്ലാതെ ചന്ദനമരമോഷണം നടക്കില്ലെന്ന് മുൻപിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നടപടിയില്ലാത്തതാണ് വീണ്ടും വീണ്ടും ഇവിടെ ചന്ദന മരമോഷണങ്ങളെന്ന് ആക്ഷേപമുണ്ട്.
കേരള- തമിഴ് നാട് അതിർത്തിയിലെ കോട്ടവാസൽ ഭാഗത്തു നിന്നും ചന്ദന മരങ്ങൾ സുലഭമായുള്ള കടമാൻപാറ സെക്ഷനിലെത്താൻ വളരെ എളുപ്പമാണ്. കോടികൾ വിലമതിക്കുന്ന ചന്ദന മരങ്ങൾ സംരക്ഷിക്കുവാൻ അതിർത്തി ഭാഗത്ത് സി.സി.ടി.വി യും വേലിയും കൂടുതൽ ജീവനക്കാരേയും നിയമിക്കണം.
തമിഴ്നാട്ടിലെ ചന്ദന ഫാക്ടറിയിലേക്ക് കടത്തുന്നതിനായി സമീപ ഗ്രാമങ്ങളായ കർക്കുടി, തെക്കും മേട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കൂടുതൽ മോഷ്ടാക്കൾ എത്തുന്നത്.ഇവർക്ക് വേണ്ടത്ര പണവും ആയുധങ്ങളും വരെ ചന്ദന ഫാക്ടറി ഉടമകൾ നൽകുന്നതായാണ് വിവരം. പിടിയിലാകുന്ന മോഷ്ടാക്കളിൽ ഒരാളെങ്കിലും കർക്കുടി, തെക്കും മേട് ഗ്രാമീണരായിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മാരകായുധങ്ങളും തോക്കുമായും എത്തുന്ന കൊള്ളക്കാരെ പിടികൂടാൻ ഒടിഞ്ഞ ലാത്തിയും ഉണ്ടയില്ലാത്ത തോക്കുമായാണ് നമ്മുടെ വനം വകുപ്പ് ജീവനക്കാർ പോകേണ്ടത്.ഇവർക്ക് വെടിവെക്കുവാൻ പോലും അധികാരമില്ല. കടമാൻപാറ കേന്ദ്രീകരിച്ച് പുതിയ വനം സെക്ഷൻ ആരംഭിച്ചെങ്കിലും വേണ്ടത്ര ജീവനക്കാരില്ല. ഡിവിഷനിൽ നിലവിലുള്ള ജീവനക്കാരെയാണ് കട മാൻപാറ സെക്ഷനിൽ നിയമിച്ചിട്ടുള്ളത്.
തെന്മല വനം ഡിവിഷനിലെ വിവിധ സെക്ഷനില്ലള്ള ചന്ദന മരങ്ങളുടെ എണ്ണം വനം വകുപ്പിലില്ല. ഇതിനാൽ മോഷണം പോയാലും ഒതുക്കി തീർക്കുകയാണ്. ഓരോ വർഷവും ചന്ദന മരങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ മോഷണങ്ങളുടെ യഥാർത്ഥ ചിത്രം വ്യക്തമാകും.സർക്കാരിന് കോടികൾ ലഭിക്കുന്ന ചന്ദന മരങ്ങൾ സംരക്ഷിക്കുവാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുവാൻ മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ വനം മന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.