ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ ചന്ദനമുട്ടികളുമായി രണ്ടു പേർ അറസ്റ്റിൽ. പെരുവളത്ത്പറമ്പിലെ മുക്രീരകത്ത് മായിൻ (63), മട്ടന്നൂർ ശിവപുരത്തെ പുള്ളുവൻ ഷൈജു (38) എന്നിവരെയാണ് ഇരിക്കൂർ എസ്ഐ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
ശിവപുരം സ്വദേശി അബൂബക്കർ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ഊരത്തൂർ കള്ളുഷാപ്പിന് സമീപത്തുവച്ചു പോലീസ് സംഘം ബൈക്ക് തടയുകയായിരുന്നു. ചെറിയ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ബൈക്കിന്റെ സീറ്റ് കവറിനുളളിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്.
ഊരത്തൂരിലെ റവന്യൂ ഭൂമിയിൽനിന്നാണ് ചന്ദനമരം മുറിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. ഏജന്റിന് കൈമാറുന്നതിനായി കണ്ണൂരിലേക്കു കൊണ്ടുപോകുന്നതിനിടെയാണു പിടിയിലായത്. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. എസ്ഐ കെ. സിദ്ദീഖ്, സിവിൽ പോലീസ് ഓഫീസർമാരായ നിജീഷ്, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.