അമരവിള: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ കടത്താൻ ശ്രമിച്ച എട്ടു ലക്ഷം രൂപയുടെ ചന്ദനമുട്ടികൾ അമരവിളയിൽ പിടികൂ ടി. ഇന്നലെ ഉച്ചയോടെ അമരവിള എക്സൈസ് നടത്തിയ വാഹന പരിശോധക്കിടെയാണ് ചന്ദനമുട്ടികൾ കണ്ടെടുത്തത് . ചന്ദനം കടത്താൻ ശ്രമിച്ച തിരുവനന്തപുരം ശ്രീവരാഹം വടക്കേതിൽ വീട്ടിൽ വിജയകുമാരൻ നായർ (51)എക് സൈസ് പിടിയിലായി.
25 കിലോയുള്ള ചന്ദനം രണ്ട് ബാഗുകളിലായി 39 പീസുകളായാണ് ഒളിപ്പിച്ചിരുന്നത് . ഒന്നാം തരത്തിൽപെട്ട ചന്ദനം തിരുവനന്തപുരത്തെത്തിച്ച ശേഷം വിദേശത്തേക്ക് കടത്തുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.അഞ്ചു ദിവസം മുന്പ് 18 കിലോ ചന്ദനവുമായി രണ്ടു തമിഴ്നാട് സ്വദേശികൾ അമരവിളയിൽ പിടിയിലായിരുന്നു.
രണ്ടു മാസം മുന്പ് വാണിജ്യ നികുതി വിഭാഗത്തിന്റെ നേതൃത്വത്തിലും 18 കിലോ ചന്ദനം പിടികൂടിയിരുന്നു. തമിഴ്നാട് അതിർത്തിയിലെ കളക്കാട് റേഞ്ചിൽ നിന്നാണ് വ്യാപകമായി ചന്ദനം കടത്തുന്നതെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടൽ .എന്നാൽ തിരുനെൽവേലിക്ക് സമീപം വള്ളിയൂരിലെ ചില ഗ്രമങ്ങളിൽ നിന്ന് മുറിച്ച് കടത്തുന്ന ചന്ദനവും കേരളത്തിലെത്തുന്നുണ്ടെന്ന് വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചർ സാലിൻ ജോസ് പറഞ്ഞു. അമരവിള എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത് .