നിലന്പൂർ: കോഴിക്കോട് വനം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു വനം വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ടു കോടിയോളം രൂപയുടെ ചന്ദനം പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ശക്തമാക്കി.
മഞ്ചേരി വള്ളുവന്പ്രം പൂല്ലാരയിലെ പുന്നക്കോട് നജ്മുദീൻ കുരിക്കളുടെയും (38), വിദേശത്തുള്ള സഹോദരൻ സലാമിന്റെയും വീടുകളോടു ചേർന്നുള്ള ഷെഡുകളിൽ നിന്നാണ് ചന്ദന മുട്ടികളും ചീളുകളും ഉൾപ്പടെ രണ്ടായിരത്തോളം കിലോ ചന്ദനം പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിയിരുന്നു പരിശോധന നടന്നത്. ഈ സമയം നജ്മുദ്ദീൻ സ്ഥലത്തിലായിരുന്നു. സഹോദരൻ സലാം വിദേശത്താണ്. നജ്മുദ്ദീനെതിരെയും സലാമിന്റെ ഭാര്യയ്ക്കുമെതിരെയാണ് കേസെടുത്തത്.
നിലന്പൂർ റേഞ്ച് ഓഫീസർ സി.രവിന്ദ്രനാഥ്, ഫ്ളയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ.വിനോദ്, സി.ദിജിൽ, എ.എൻ.രതീഷ്, എം.അനൂപ് കുമാർ, ഡ്രൈവർ വിശ്വാനാഥൻ, റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളായ രാജീവ് ചാപ്പത്ത്, വിപിൻ, മറ്റു പോലീസ് അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ടയാണിതെന്ന് ഡിഎഫ്ഒ പറഞ്ഞു. ജില്ലയിൽ പുല്ലാര കേന്ദ്രീകരിച്ച് ചന്ദനം മാഫിയ സജീവമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലക്ഷങ്ങളുടെ ചന്ദന വേട്ടയാണ് ഇവിടെ നടന്നിട്ടുള്ളത്. ഒളിവിൽ പോയ പ്രതിക്ക് വേണ്ടിയും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രദേശത്തെ ചിലർക്കെതിരേയും അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.ു