പിലിക്കോട്: ചന്തേര റെയിൽവേ സ്റ്റേഷനിലെ കാടുമൂടിയ പ്ലാറ്റ്ഫോമിൽ ഇഴജന്തുക്കളെ ഭയന്നുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. മൂന്നു മാസം കൊണ്ടു പുതിയ പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തീകരിക്കും. ഒരു കോടി 45 ലക്ഷം രൂപ ചെലവിൽ അഞ്ചുമീറ്റർ നീളത്തിൽ 16 ബോഗികൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പ്ലാറ്റ്ഫോം നിർമാണം നടന്നുവരുന്നത്. രണ്ടു പാസഞ്ചർ ഉൾപ്പെടെ നാല് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള ചന്തേര സ്റ്റേഷനെ നിത്യവും നൂറിൽപ്പരം യാത്രക്കാരാണ് ആശ്രയിക്കുന്നത്.
ഇവിടുത്തെ യാത്രക്കാരുടെ ദുരിതം “ദീപിക’ മാസങ്ങൾക്ക് മുമ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇഴജന്തുക്കളുടെ ഭീഷണിക്ക് പുറമെ താഴ്ന്നസ്ഥലത്തു നിന്ന് സ്ത്രീ യാത്രക്കാർക്കും വയോധികർക്കും ട്രെയിനിൽ കയറിപ്പറ്റുക ശ്രമകരമായിരുന്നു. പ്ലാറ്റ്ഫോം ഉയരംകൂട്ടുന്നതോടെ യാത്രക്കാരുടെ വിഷമതകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.