മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണാ വിജയന്റെയും വിവാഹവാര്‍ഷികമായിരുന്നു കടന്നു പോയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച് പോസ്റ്റ് ശ്രദ്ധേയമായിരുന്നു.
എന്നാല്‍ പോസ്റ്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങളുടേത് മാറിനേറ്റ് ചെയ്ത വേവിച്ചെടുത്ത ഇറച്ചിയായിരുന്നുവെന്നും അതുകൊണ്ട് കുഴപ്പമില്ല എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘ഇന്ന് വിവാഹ വാര്‍ഷികം…അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.’- എന്ന അടിക്കുറിപ്പോടെയാണ് വീണയ്ക്കൊപ്പമുള്ള ചിത്രം റിയാസ് പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലായതോടെയാണ് ചാണ്ടി ഉമ്മനും പരോക്ഷമായ മറുപടി പോസ്റ്റുമായെത്തിയത്. ‘ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! ‘ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
റിയാസിന്റെ പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയും കമന്റിട്ടിരുന്നു.
‘ഉമ്മന്‍ചാണ്ടി സാറിനും ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നില്‍ തന്നെ ഉണ്ടായിരുന്നു’ എന്നാണ് റിജില്‍ കുറിച്ചത്.