പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ നിഷ്പ്രഭനാക്കി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ചാണ്ടി ഉമ്മന്‍. 37719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം.
നിരവധി റിക്കാര്‍ഡുകള്‍ കടപുഴക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. പിതാവ് ഉമ്മന്‍ചാണ്ടി 2011ല്‍ നേടിയ 33255 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യം എതിരാളികളെ ഞെട്ടിച്ചത്.
പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2016ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി റെജി സക്കറിയയ്ക്കെതിരേ നേടിയ 33632 വോട്ടിന്റെ ഭൂരിപക്ഷവും ചാണ്ടി ഉമ്മന്റെ തേരോട്ടത്തില്‍ കടപുഴകി. കോണ്‍ഗ്രസ് സ്ഥാനാർഥിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റിക്കാര്‍ഡാണ് ഇതോടെ ചാണ്ടി ഉമ്മന്‍ സ്വന്തമായത്.
ഭൂരിപക്ഷം വീണ്ടും ഉയര്‍ന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘കോട്ടയത്തെ ഏറ്റവും വലിയ ഭൂരിപക്ഷം’ എന്ന മോന്‍സ് ജോസഫിന്റെ റിക്കാര്‍ഡ് മറികടക്കുമെന്ന പ്രതീക്ഷകൾ ഒരുഘട്ടത്തിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം 40000ത്തിൽ എത്താതെ അവസാനിക്കുകയായിരുന്നു. 2016ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനായി മത്സരിച്ച മോന്‍സ് 42,256 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
ഇടതു പക്ഷ സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണ്ഡലത്തിൽ ഹാട്രിക് തോൽവി ഏറ്റു വാങ്ങിയപ്പോൾ മറ്റൊരു പ്രധാന മുന്നണിയായ എൻഡിഎയുടെ സ്ഥാനാർഥി ലിജിൻ ലാലിന് കെട്ടിവച്ച തുക നഷ്ടമായി.