ചണ്ഡിഗഡ്: മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ ചണ്ഡിഗഡ് മേയർ സ്ഥാനം ബിജെപി നേതാവ് മനോജ് സോങ്കർ രാജിവച്ചു. ഇതിനു പിന്നാലെ മൂന്ന് ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. കൗൺസിലർമാരായ പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണു ബിജെപിയിൽ ചേർന്നത്.
35 അംഗ മുനിസിപ്പൽ കൗണ്‍സിലിൽ ബിജെപി- 14, ആം ആദ്മി പാർട്ടി -13, കോണ്‍ഗ്രസ്- ഏഴ്, ശിരോമണി അകാലിദൾ- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. മൂന്നു പേർ രാജിവച്ചതോടെ കൗൺസിലിൽ എഎപി പ്രതിനിധികളുടെ എണ്ണം 13ൽനിന്നു 10 ആയി ചുരുങ്ങി. മേയർ തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകൾ അസാധുവായതിനെ തുടർന്നാണ് ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ വിജയിച്ചത്.
മനോജ് സോങ്കറിന് 16 വോട്ടും ആപ്-കോണ്‍ഗ്രസ് സഖ്യ സ്ഥാനാർഥി ആംആദ്മി പാർട്ടിയിലെ കുൽദീപ് സിംഗിന് 12 വോട്ടുമാണു ലഭിച്ചത്. ചണ്ഡിഗഡ് ബിജെപി എംപി കിരണ്‍ ഖേറിനും തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്. പോൾ ചെയ്ത എട്ട് വോട്ടുകളിൽ ശരി ചിഹ്നം ഉള്ളതിനാൽ പോളിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവാക്കി. പോളിംഗ് ഓഫീസർ ബിജെപിക്കൊപ്പം ഒത്തുകളിച്ചതായി ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
മേയർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേടു നടത്തിയ പ്രിസൈഡിംഗ് ഓഫീസർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ സാന്നിധ്യത്തിലാണ് മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നത്. “എഎപി ഞങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകി. പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇപ്പോൾ ബിജെപിയിൽ ചേരുന്നു -നേഹ മുസാവത്തും പൂനം ദേവിയും പറഞ്ഞു.