ചിലര്‍ സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെക്കുന്നതിലൂടെയാണ്. ചണ്ഡീഗഢിലെ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പിലും അങ്ങനെയൊരാളെ സ്ഥിരമായി കാണാനാകും. 85-ാം വയസിലും കര്‍മനിരതനായ ഒരു വയോധികനെ. തീരെ അവശനായ അദ്ദേഹം അവിടെ പാവപ്പെട്ട രോഗികള്‍ക്കും, അവരുടെ പരിചാരകര്‍ക്കും ഭക്ഷണം നല്‍കുകയാണ്.
അതാണ്, ജഗദീഷ് ലാല്‍ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാന്‍, കഴിഞ്ഞ 30 -ലേറെ വര്‍ഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നല്കി ആദരിക്കുകയുമുണ്ടായി. പക്ഷെ അംഗീകാരങ്ങളില്‍ ഒന്നും അദ്ദേഹം അഹങ്കരിക്കുന്നില്ല.
ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. ”എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്. എനിക്ക് അത് വിവരിക്കാന്‍ കഴിയില്ല…” അഹൂജ വികാരാധീനനായി പറയുന്നു.
1947 -ല്‍ പാകിസ്ഥാനിലെ പെഷവാറില്‍ ജനിച്ച 12 വയസ്സുള്ള ഒരു ആണ്‍കുട്ടി വിഭജനവേളയില്‍ ഇന്ത്യയിലേക്ക് വന്നു. ആ വിഭജനം സ്വന്തം ജന്മനാട് മാത്രമല്ല അവനില്‍ നിന്ന് പറിച്ചെറിഞ്ഞത്, മറിച്ച് സന്തോഷകരമായ ഒരു ബാല്യകാലം കൂടിയാണ്.
അദ്ദേഹം തന്റെ ജീവിത കഥ പറയുന്നു…’പെഷവാറില്‍ നിന്ന് വരുമ്പോള്‍ എനിക്ക് 12 വയസ്സായിരുന്നു. ഞങ്ങള്‍ പട്യാല ബേസ് ക്യാമ്പിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് അമൃത്സറിലെ ക്യാമ്പുകളിലേക്ക് ഞങ്ങളെ മാറ്റി. കുറച്ച് മാസങ്ങള്‍ അവിടെ താമസിച്ച് ഞാന്‍ പട്യാലയിലേക്ക് മാറി” അച്ഛന് ജോലി ഇല്ലായിരുന്നു. അമ്മ വീട്ടമ്മയായിരുന്നു. ”എല്ലാ ദിവസവും ഞാന്‍ മൂന്ന് മൈല്‍ നടന്ന് പയര്‍ വറുത്തത് വാങ്ങി സ്റ്റേഷനുകളില്‍ കൊണ്ടുപോയി ഒരു രൂപയ്ക്ക് വിറ്റിരുന്നു.
ദിവസേന രണ്ട് പ്രാവശ്യം ഞാന്‍ ഇങ്ങനെ നടന്നു. വൈകിട്ട് തിരിച്ചു വരുമ്പോഴേക്കും കാലുകളില്‍ നിറയെ പൊള്ളിയപോലെ പാടുകളായിരുന്നു. വേദനകൊണ്ട് ഞാന്‍ പുളയും. പക്ഷേ, എനിക്ക് പണമാവശ്യമായിരുന്നു. ദിവസങ്ങളോളം ആ വേദന സഹിച്ചുതന്നെ ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു.
കാരണം വിശക്കുന്ന വയറുകള്‍ക്ക് ഞാന്‍ മാത്രമായിരുന്നു ഒരാശ്രയം” അദ്ദേഹം പറയുന്നു. ‘പെഷവാറിലെ സ്കൂളില്‍ ഞാന്‍ പോയിട്ടില്ല. പഠിച്ചാല്‍ അച്ഛന് എന്നെ തല്ലും, പഠിച്ചില്ലെങ്കില്‍ അധ്യാപകര്‍ എന്നെ തല്ലും. എന്റെ ബാല്യം ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഭയം തോന്നും” അദ്ദേഹം പറയുന്നു.
അമൃത്സറിലെ സ്റ്റേഷനുകളില്‍ പയര്‍ വറുത്തത് വില്ക്കുന്നതു മുതല്‍ പട്യാലയിലെ തെരുവുകളില്‍ ട്രോഫികള്‍, പഴങ്ങള്‍ എന്നിവ വില്‍ക്കുന്നതുവരെ അഹൂജ പല ജോലികളും ചെയ്ത് ജീവിതം തള്ളിനീക്കി. 21 -ാം വയസ്സില്‍ കുടുംബവുമായുള്ള വഴക്കിനെ തുടര്‍ന്ന് അദ്ദേഹം ചണ്ഡിഗഢിലേക്ക് മാറി. അവിടെ അദ്ദേഹം പഴങ്ങള്‍ കച്ചവടം ചെയ്യാന്‍ തുടങ്ങി. വെറും 15 രൂപയ്ക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ കച്ചവടം കോടിക്കണക്കിന് രൂപയുടെ സംരംഭമായി മാറി.
വാഴപ്പഴം വില്‍ക്കുന്ന കച്ചവടം അദ്ദേഹത്തിനുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ”വാഴപ്പഴ രാജാവ്” എന്നാണ് വിളിച്ചിരുന്നത്. 1965-66 -ലാണ് അദ്ദേഹം 4,000 രൂപയ്ക്ക് ആദ്യമായി ഒരു ഭൂമി വാങ്ങുന്നത്. എന്നാല്‍, പിന്നീട് സേവനപാതയിലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് വില്‍ക്കേണ്ടിവന്നു.
വര്‍ഷങ്ങളായി അദ്ദേഹം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കി വരികയാണ്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ കണ്ട് ആളുകള്‍ താമസിയാതെ അദ്ദേഹത്തെ ‘ലങ്കാര്‍ വാലെ ബാബ’ എന്ന് വിളിക്കാന്‍ തുടങ്ങി.
തന്റെ മകന്റെ എട്ടാം ജന്മദിനത്തിന് സമൂഹത്തിന് എന്തെങ്കിലും നല്കാന് ആഗ്രഹിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ബാബ പറയുന്നു. ‘ഞങ്ങള്‍ 150 കുട്ടികള്‍ക്കാണ് അന്ന് ഭക്ഷണം ഉണ്ടാക്കിയത്.
അന്ന് കുട്ടികളുടെ മുഖത്ത് കണ്ട സന്തോഷം, എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തി. അന്ന് ഞാന്‍ തീരുമാനിച്ചു. വിശക്കുന്ന മനുഷ്യര്‍ക്ക് എന്നാലാവുംപോലെ അന്നം നല്‍കണമെന്ന്.’ ഈ സംരംഭം തുടങ്ങിയതിനെക്കുറിച്ച് ബാബ പറയുന്നു.
അതിനുശേഷം ഇത്രവും വര്‍ഷമായി അദ്ദേഹം ഇത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ഇതിനാവശ്യമുള്ള പണം കണ്ടെത്താന്‍ സ്വയം അധ്വാനിച്ച് സമ്പാദിച്ച കോടിക്കണക്കിന് രൂപ വിലയുള്ള കൃഷിസ്ഥലങ്ങള്‍, ഷോറൂമുകള്‍, റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുവകകള്‍ അദ്ദേഹം വിറ്റു. ഭക്ഷണത്തിന് പുറമെ, രോഗികള്‍ക്ക് പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും അദ്ദേഹം നല്കുന്നു.
ഇന്ന് വയറ്റിലെ കാന്‍സറിനാല്‍ അതീവ അവശനാണ് അദ്ദേഹം. എന്നിട്ടുപോലും ഭക്ഷണവിതരണത്തില്‍ വീഴ്ച വരുത്താന്‍ അദ്ദേഹം തയ്യാറല്ല. എത്ര വയ്യെങ്കിലും അദ്ദേഹം എല്ലാ ദിവസവും ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നില്‍ എത്തും തന്നെ കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി… വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. പറ്റുന്നകാലം വരെ അത് തുടര്‍ന്നുകൊണ്ടുപോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.