തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന് ആരോപണം ഉന്നയിച്ച തൃശൂർ സ്വദേശി രേവദ് ബാബു തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പങ്ങളും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവദ് ആവർത്തിച്ചു.
അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു.
തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.