എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടര്‍ രാജസേനന് സാറാണ് എന്റെ പേര് മാറ്റിയത്. സത്യത്തില്‍ എന്റെ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാന്‍ അറിഞ്ഞത് മാഗസിന് വഴിയാണ്.
സിനിമയുടെ സ്ക്രീന്‍ ടെസ്റ്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്ക്കുമ്പോള് അച്ഛന് വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു. അതില്‍ രാജസേനന്റെ പുതിയ സിനിമയില്‍ പുതുമുഖം ചാന്ദനി നായികയെന്ന് ന്യൂസ് കണ്ടു.
അപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു അച്ഛാ അവര്‍ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല.
വാര്‍ത്ത മുഴുവന്‍ വായിച്ച് വന്നപ്പോള്‍ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിന് ഷിപ്പ്യാര്ഡിലെ കെ ബാലചന്ദ്രന്റെയും കാര്‍ത്യാനിയുടെയും മകളായ ചാന്ദ്നി കലാമണ്ഡലം വിദ്യാര്‍ഥിനിയാണ് എന്നായിരുന്നു. അപ്പോഴാണ് എന്നെ സിനിമയിലെടുത്തെന്നും എന്റെ പേര് ചാന്ദ്നിയെന്ന് മാറ്റിയെന്നും ഞാന്‍ അറിയുന്നത്.
അതേ സമയത്ത് സുനിത എന്ന പേരില്‍ മറ്റൊരു നടി കൂടി ഉണ്ടായിരുന്നു. അതാണ് അവര്‍ എന്റെ പേര് മാറ്റാന്‍ കാരണം.