കോട്ടയം: സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നു എന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അക്കാര്യം പിണറായി വിജയന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് സമരം ദീർഘ കാലം കൊണ്ടു പോകാൻ സാധിക്കാതിരുന്നതും വിജയിക്കാതെ പോയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നത്. സിപിഎം വ്യാജ വാർത്തകളുടെ പിന്നാലെ പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ.
2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ സമരം സമരമുഖത്തുള്ള പല നേതാക്കളും അറിയാതെ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ വിളിച്ചിരുന്നുവെന്ന് ജോൺ മുണ്ടക്കയം പറയുന്നു.