കാക്കനാട്: പുതുവൈപ്പ് എൽപിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പരാതി മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കുന്നതിനിടെ ഏഴു വയസുകാരൻ അലന്റെ മൊഴിക്കുമുന്പിൽ കുഴങ്ങി എറണാകുളം മുൻ ഡിസിപി യതീഷ് ചന്ദ്ര.
കമ്മീഷൻ മുന്പാകെ എത്തിയ അലൻ യതീഷ് ചന്ദ്രയെ തിരിച്ചറിയുകയും ഈ അങ്കിളാണു തല്ലിയതെന്നു പറയുകയും ചെയ്തു. പോലീസ് തല്ലുന്നതു കണ്ടോ എന്നു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ചോദിച്ചപ്പോൾ അലൻ, യതീഷ് ചന്ദ്രയ്ക്കുനേരേ കൈചൂണ്ടി. കാക്കനാട് കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നടത്തിയ സിറ്റിംഗിനിടെയായിരുന്നു സംഭവം. ഞാനാണോ തല്ലിയതെന്നു യതീഷ് ചന്ദ്ര കുട്ടിയോടു ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മറുപടി.
സമരം ചെയ്തവർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നു ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര ക്ഷുഭിതനായി കമ്മീഷൻ മുന്പാകെ പറഞ്ഞപ്പോൾ ഇതു പോലീസ് സ്റ്റേഷനല്ലെന്നും കോടതിയാണെന്നും ക്ഷോഭം വേണ്ടെന്നും സമരക്കാരും തിരിച്ചടിച്ചു. സമരം ചെയ്തവരെ മർദിച്ചിട്ടില്ലെന്നും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. പോലീസിനെ കുറ്റക്കാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു കൊച്ചുകുട്ടികളെ സമരത്തിനെത്തിച്ചത്.
പോലീസ് മർദനമേറ്റെന്നും പരിക്കുപറ്റിയെന്നും പറയുന്നവർ ആരും തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നടത്തിയതായി എഫ്ഐആറിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുഘട്ടത്തിൽ ക്ഷോഭം അടക്കാനാവാതെ യതീഷ് ചന്ദ്ര, പാലു കൊടുത്തിട്ടും നന്ദിയില്ലാത്തവരാണു പുതുവൈപ്പിലെ സമരക്കാരെന്നു വരെ പറഞ്ഞു.
മുതിർന്ന പലർക്കും മർദനമേറ്റിട്ടുണ്ടെന്നും തെളിവുകൾ ഹാജരാക്കാമെന്നും സമരക്കാർക്കു വേണ്ടി അഭിഭാഷകൻ കമ്മീഷനു മുന്നിൽ വ്യക്തമാക്കി. പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. പഞ്ചായത്തംഗമാണെന്നു പറഞ്ഞിട്ടും സി.ജി. ബിജുവിനെ ക്രൂരമായി മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സമരസമിതി നേതാക്കളെയും ക്രൂരമായി മർദിച്ചു. റോഡിലൂടെ വലിച്ചിഴച്ചു പോലീസ് വാഹനത്തിൽ കയറ്റി. പോലീസ് സ്റ്റേഷനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറി, കുടിക്കാൻ വെള്ളം പോലും നൽകിയില്ല-കമ്മീഷൻ മുന്പാകെ സമരസമിതിക്കാർ തങ്ങൾ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചു.
കമ്മീഷൻ മുന്പാകെ എത്തിയ കൊച്ചുകുട്ടി അലൻ യതീഷ് ചന്ദ്രയെ തിരിച്ചറിയുകയും ഈ അങ്കിളാണു തല്ലിയതെന്നു പറയുകയും ചെയ്തു. വാഗ്വാദത്തിൽ ഇടപെടാതിരുന്ന കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ഇരുവിഭാഗത്തിന്റെയും വിശദീകരണങ്ങൾ കേട്ടശേഷം സമരക്കാരെ കസ്റ്റഡിയിലെടുത്ത നഗരത്തിലെ നാല് പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ ഉത്തരവിട്ടു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കും.
സമരക്കാരെ പോലീസ് മർദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയിൽ സെപ്റ്റംബറിൽ നടക്കുന്ന സിറ്റിംഗിൽ തെളിവെടുപ്പ് നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷൻ യതീഷ് ചന്ദ്രയ്ക്ക് നിർദേശം നൽകി. സംഭവത്തിന്റെ പൂർണദൃശ്യങ്ങൾ ലഭ്യമാക്കുന്നതിന് മാധ്യമങ്ങളുടെ കൈവശമുള്ള ദൃശ്യങ്ങളും കമ്മീഷൻ സിറ്റിംഗിനിടെ ആവശ്യപ്പെട്ടു.