മുംബൈ: രാജ്യത്തെ ഏറ്റവും വലുതും പഴക്കംചെന്നതുമായ വ്യവസായ ഗ്രൂപ്പിന്റെ തലവനായി ചന്ദ്ര എന്നു മിത്രങ്ങൾ വിളിക്കുന്ന എൻ. ചന്ദ്രശേഖരൻ ഇന്നു സ്ഥാനമേൽക്കുന്നു. ടാറ്റാ ഗ്രൂപ്പിൽ തന്നെയുള്ള ടിസിഎസിൽ മുപ്പതു വർഷം പ്രവർത്തിച്ച് എട്ടു വർഷമായി അതിനെ നയിച്ചുവന്നയാളാണു ടാറ്റാ സൺസ് ചെയർമാനാകുന്ന ചന്ദ്രശേഖരൻ. 53 വയസുള്ള ഇദ്ദേഹം 150 വർഷത്തെ പാരന്പര്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ പാഴ്സിയല്ലാത്ത ആദ്യതലവനാണ്.
ഉപ്പുതൊട്ട് സോഫ്റ്റ്വേർ വരെയും പയർ തൊട്ട് ഉരുക്കുവരെയും വ്യാപിച്ചുകിടക്കുന്ന വലിയ സാമ്രാജ്യമാണു ടാറ്റാ ഗ്രൂപ്പ്. ഏഴുലക്ഷം കോടിയിൽപരം രൂപ വിറ്റുവരവുണ്ട് ഗ്രൂപ്പിന്. ലിസ്റ്റ് ചെയ്ത 18 കന്പനികൾക്ക് കഴിഞ്ഞ ധനകാര്യവർഷം 6.35 ലക്ഷം കോടി രൂപ വിറ്റുവരവും 34,921 കോടി രൂപ അറ്റാദായവും ഉണ്ട്. ലാഭത്തിലും വിറ്റുവരവിലും ഏറ്റവും മുമ്പിൽ നിൽക്കുന്നതു ടിസിഎസ് ആണ്. 24,292 കോടി രൂപയാണു ടിസിഎസിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായം.
ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ എന്നീ വന്പൻ കന്പനികൾ സമീപവർഷങ്ങളിൽ നഷ്ടത്തിലായതും വലിയ കടബാധ്യതയും ടെലികോം ബിസിനസിലെ വലിയ തിരിച്ചടികളും പുതിയ ചെയർമാനു വലിയ വെല്ലുവിളികളാണ്. 2014ൽ രത്തൻ ടാറ്റാ വിരമിച്ചപ്പോൾ നിയമിക്കപ്പെട്ട ചെയർമാൻ സൈറസ് മിസ്ത്രിയെ കഴിഞ്ഞ ഒക്ടോബറിൽ നീക്കം ചെയ്തതുമൂലവും പ്രശ്നങ്ങൾ ഉണ്ട്.
ടാറ്റാ സൺസിൽ ഗണ്യമായ ഓഹരി മിസ്ത്രിയുടെ കുടുംബത്തിനുണ്ട്. അദ്ദേഹത്തെ നീക്കിയതിനോടൊപ്പമുണ്ടായ ദുഷ്പ്രചാരണങ്ങളുടെ പ്രത്യാഘാതവും ചെറുതല്ല. മിസ്ത്രി ടാറ്റാ ഗ്രൂപ്പിനെതിരേ നിയമയുദ്ധത്തിലേക്കു നീങ്ങിയാൽ വേറേ പ്രശ്നങ്ങളുമുണ്ടാകാം.
ടെലികോം ബിസിനസിൽ റിലയൻസ് ജിയോയോടു പൊരുതാൻ എയർസെൽ-റിലയൻസ് കമ്യൂണിക്കേഷൻ സഖ്യത്തിൽ ചേരാൻ ടാറ്റാ ടെലിസർവീസസ് മുതിർന്നേക്കുമെന്നാണു സംസാരം. എൻടിടി ഡോകോമോയുമായി ടാറ്റാ ടെലിക്കുള്ള തർക്കവും പ്രശ്നമാണ്. 8,500 കോടി രൂപ എൻടിടിക്കു നൽകേണ്ടിവരാം.
ടാറ്റാ ടെലിയുടെ നഷ്ടം നികത്താൻ വേറൊരു പതിനായിരം കോടി കൂടി വേണം. ടാറ്റാ സ്റ്റീലിന്റെ വലിയ കടബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വലിയ ചോദ്യമാണ്. 1.6 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് ഗ്രൂപ്പിന്.