സ്വന്തം ലേഖകന്‍
കൊച്ചി: നൂറു ദിവസങ്ങളില്‍ നൂറു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ നിന്നു ലഭിക്കുന്ന പണം ചാരിറ്റിക്കായി മാത്രം വിനിയോഗിക്കുക. ചോറ്റാനിക്കര തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ കലാ അധ്യാപകനായ ആര്. കെ. ചന്ദ്രബാബുവാണ് ഓണ്‍ലൈന്‍ ഫോട്ടോ പ്രദര്‍ശനവുമായി ശ്രദ്ധേയനാകുന്നത്.
സ്കൂളിലെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ കോ-ഓർഡിനേറ്റര്‍ കൂടിയാണ് ഇദേഹം. പാലാ സ്വദേശിയായ ചന്ദ്രബാബു ഇപ്പോള്‍ പള്ളുരുത്തിയിലാണ് താമസം.കോവിഡ് കാലത്ത് പ്രദര്‍ശനങ്ങള്‍ നടത്തി ചിത്രങ്ങള്‍ വിറ്റ് കിട്ടിയ പണം നിരാലംബര്‍ക്കു നല്‍കുകയായിരുന്നു.
ഏപ്രിലിൽ തുടങ്ങിയ “കഥപറയും കാഴ്ചകള്‍’ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം സമൂഹ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിനാളുകളില്‍ എത്തിനില്‍ക്കുകയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.
ഒറ്റപ്പെട്ട മനുഷ്യരുടെയും ജീവികളുടെയും വേദനകളാണ് ഫോട്ടോകള്‍ പറയുന്നത്. തെരഞ്ഞെടുത്ത 100 ചിത്രങ്ങളാണ് കഥ പറയും കാഴ്ചയായി പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് കാലം തുടങ്ങിയപ്പോള്‍ എന്ത് ചെയ്യുമെന്നറിയാത്ത ആയിരത്തിലധികം കുട്ടികള്‍ക്കു ചിത്രരചനാ മത്സരവും സൗജന്യ ചിത്രകലാ ക്ലാസുമൊരുക്കി.
കുട്ടികള്‍ക്കായി ഓണ്‍ലൈനായി പ്രദര്‍ശനവും നടത്തി. ഇതിനിടയില്‍ കേരളത്തിലെ കലാഅധ്യാപകരുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം ഒരുക്കി ഒട്ടേറെ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നീണ്ടു നിന്ന പറക്കുന്ന ജീവിതത്തിലെ നൂറു കറുത്ത കല്ലുകള്‍ എന്ന ചിത്രപ്രദര്‍ശനം സമൂഹ മാധ്യമങ്ങള്‍ വഴി വളരെ ശ്രദ്ധ നേടി.
തൃശൂര്‍ ഫൈന്‍ആര്‍ട്സ് കോളജില്‍ നിന്ന് ചിത്രകലയില്‍ ബിരുദ പഠനത്തിനുശേഷം പത്രമാധ്യമ രംഗത്തും ജോലി ചെയ്തിരുന്നു. ലിങ്ക്: https://www.facebook.com/ chandra.babu.71404