ഹൈദരാബാദ്: ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോൺഗ്രസ് നേതാവായ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആറിന് ഹൈദരാബാദിൽ കാണണമെന്ന് ആവശ്യപ്പെട്ടാണ് എൻഡിഎ നേതാവുകൂടിയായ നായിഡു കത്ത് അയച്ചത്.
ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തുവർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനാണു യോഗം ചേരുന്നതെന്നു സൂചനയുണ്ട്.
ആന്ധ്രാ വിഭജനം പൂർത്തിയായി പത്ത് വർഷം പിന്നിടുമ്പോൾ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. അമരാവതിയിൽ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങളെല്ലാം ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറിയതോടെ വഴിമുട്ടിയിരുന്നു.
മുൻ ടിഡിപി അംഗവും നായിഡുവിന്റെ വിശ്വസ്തനുമായിരുന്നു രേവന്ത് റെഡ്ഢി. 2017ലാണ് റെഡ്ഡി ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നത്.