ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒഡീഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹൻ ചരണ്‍ മാജി ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാരും ഒഡീഷയിൽ ബിജെപിയുമാണ് അധികാരത്തിലേറുന്നത്.
ആന്ധ്രാപ്രദേശിൽ ഇത് നാലാം വട്ടമാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. ഇന്നു രാവിലെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. നായിഡുവിന്റെ മകൻ നര ലോകേഷ്, ജനസേന അധ്യക്ഷൻ പവൻ കല്യാൺ, പാർട്ടിയുടെ മുതിർന്ന നേതാവ് എൻ. മനോഹർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. 175 അംഗ സഭയിൽ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്.ഒഡീഷയിൽ ഇന്നു വൈകീട്ടാണു സത്യപ്രതിജ്ഞ. നാല് തവണ എംഎൽഎയായ മോഹൻ ചരണ്‍ മാജി ഒഡീഷയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ഈ ചടങ്ങിലും പങ്കെടുക്കും.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നൽകിയത്. 147 അംഗ നിയമസഭയിൽ 78 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ഒഡീഷയിൽ ഭരണം പിടിച്ചത്. കെ.വി. സിംഗ് ദേവ്, പ്രവതി പരീത എന്നിവർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരാകും.