കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള അമ്മയെ കാണാൻ മൂന്ന് ദിവസത്തേക്കു ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രിയാണ് നിസാമിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും എറണാകുളം സബ്ജയിലിൽ എത്തിച്ചത്. രാവിലെ കലൂരിലുള്ള ഫ്ളാറ്റിലേക്കു കൊണ്ടു പോയി. രാവിലെ പത്തു മുതൽ അഞ്ചു വരെ നിസാമിന് അമ്മയ്ക്കൊപ്പം ഫ്ളാറ്റിൽ ചെലവഴിക്കാം.
അഞ്ചിനു ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.
2015 ജനുവരി 29 നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ കാറിലെത്തിയ നിസാം ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർ കൊണ്ടിടിപ്പിച്ചതിന് ശേഷം വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഫെബ്രുവരി 16 ന് ആശുപത്രിയിൽ വച്ച് ചന്ദ്രബോസ് മരിച്ചു.